കേന്ദ്ര സർക്കാരിന്റേത് തെറ്റായ സമീപനം; ജസ്റ്റിസ് എസ് അബ്ദുൽ നസീറിനെ ഗവർണറാക്കിയ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

ന്യൂഡൽഹി: ജസ്റ്റിസ് എസ് അബ്ദുൽ നസീറിനെ ഗവർണറാക്കിയ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. കേന്ദ്ര സർക്കാരിന്റേത് തെറ്റായ സമീപനമാണെന്നും തീരുമാനത്തെ ശക്തമായി എതിർക്കുന്നുവെന്നും കോൺഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി വ്യക്തമാക്കി.

നസീറിന്റെ നിയമനം ജുഡീഷ്യറിക്ക് ഭീഷണിയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജയ്റ്റ്‌ലി പറഞ്ഞത് ഓർമിപ്പിച്ചായിരുന്നു സിങ്‌വി ഇതുസംബന്ധിച്ച പരാമർശം നടത്തിയത്. വിരമിക്കുന്നതിന് മുൻപുള്ള വിധിന്യായങ്ങൾക്ക് വിരമിക്കലിന് ശേഷമുള്ള ജോലികളുടെ സ്വാധീനമുണ്ടാകുമെന്നും അതു ജുഡീഷ്യറിക്കു ഭീഷണിയാണെന്നുമായിരുന്നു അരുൺ ജയ്റ്റ്‌ലി പറഞ്ഞിരുന്നത്. 2013 ലാണ് അരുൺ ജയ്റ്റ്‌ലി ഈ പരാമർശം നടത്തിയത്.

ഢായറാഴ്ച്ചയാണ് ആന്ധ്രാപ്രദേശ് ഗവർണറായി സുപ്രിം കോടതി മുൻ ജഡ്ജി സയ്ദ് അബ്ദുൽ നസീറിനെ നിയമിച്ചത്. കഴിഞ്ഞ മാസം നാലിനാണ് അദ്ദേഹം സുപ്രിം കോടതി ജഡ്ജി സ്ഥാനത്തുനിന്ന് വിരമിച്ചത്. 2017 ൽ കർണാടക ഹൈക്കോടതിയിൽ നിന്നാണ് ജസ്റ്റിസ് അബ്ദുൽ നസീർ സുപ്രിം കോടതിയിലെത്തുന്നത്.

ബാബരി പള്ളി നിന്നിരുന്ന സ്ഥലം രാമക്ഷേത്രാവശിഷ്ടങ്ങളുള്ള ഇടമാണെന്നും അത് രാമക്ഷേത്ര ട്രസ്റ്റിനു വിട്ടുനൽകണമെന്നും നിലപാടെടുത്ത അഞ്ചംഗ ബെഞ്ചിൽ അംഗമായിരുന്നു അദ്ദേഹം. മുത്തലാക്ക്, കെഎസ് പുട്ടസ്വാമി കേസ് തുടങ്ങി കേസുകളിലും അദ്ദേഹം വിധി പ്രസ്താവം നടത്തിയിട്ടുണ്ട്. അതേസമയം, നിലവിലെ ആന്ധ്ര ഗവർണറായ ബിശ്വ ഭൂഷൺ ഹരിചന്ദനെ ഛത്തീസ്ഗഡ് ഗവർണറായി നിയമിച്ചു.

അതേസമയം, അയോധ്യക്കേസിൽ വിധി പറഞ്ഞ സുപ്രീംകോടതി മുൻ ജഡ്ജി സയ്യിദ് അബ്ദുൽ നസീറിനെ ആന്ധ്രപ്രദേശ് ഗവർണറാക്കി നിയമിച്ചതിനെതിരെ സിപിഎം രാജ്യസഭാ അംഗം എ എ റഹീമും രംഗത്തെത്തിയിരുന്നു. ഗവർണർ പദവി ഭരണഘടനാ മൂല്യങ്ങൾക്ക് ചേർന്നതല്ല. കഴിഞ്ഞ ഡിസംബറിൽ ഹൈദരാബാദിൽ സംഘപരിവാർ അഭിഭാഷക സംഘടനയുടെ ചടങ്ങിലും പങ്കെടുത്ത മുൻ ജഡ്ജിയുടെ നിയമനം അപലപനീയമാണ്. കേന്ദ്രസർക്കാർ വാഗ്ദാനം സയ്യിദ് അബ്ദുൽ നസീർ നിരസിക്കണമെന്നും റഹീം ആവശ്യപ്പെട്ടു.