ശരീരത്തിന് ആവശ്യമായ പോഷക ഘടകങ്ങളിൽ ഒന്നാണ് മഗ്നീഷ്യം. ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്ന പോഷക ഘടകമാണിത്. ശരീരത്തിൽ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെയ്ക്കും.
മഗ്നീഷ്യം കുറയുമ്പോൾ ശരീരം ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം. ശരീരത്തിൽ മഗ്നീഷ്യം വേണ്ട അളവിൽ ലഭിച്ചില്ലെങ്കിൽ ശരീരത്തിന് എപ്പോഴും ക്ഷീണവും തളർച്ചയും അനുഭവപ്പെടും. തലവേദന, ഛർദ്ദി എന്നിവയും ചിലപ്പോൾ മഗ്നീഷ്യത്തിന്റെ കുറവിനെ സൂചിപ്പിക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ശരീരത്തിൽ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് മാനസികാരോഗ്യത്തെയും ബാധിക്കാം. ഇതുമൂലം വിഷാദം, ഉത്കണ്ഠ തുടങ്ങിയവ ഉണ്ടാകാം. പേശികളുടെ ബലത്തിനും എല്ലുകളുടെ ആരോഗ്യത്തിനും മഗ്നീഷ്യം അത്യാന്താപേക്ഷിതമാണ്. മഗ്നീഷ്യത്തിന്റെ അഭാവം എല്ലുകളുടെ ബലക്കുറവ് സാധ്യത എന്നിവ വർദ്ധിപ്പിക്കുന്നു. ഭക്ഷണങ്ങളിലൂടെയാണ് പ്രധാനമായും മഗ്നീഷ്യം ശരീരത്തിലെത്തുന്നത്. അതിനാൽ മഗ്നീഷ്യം അടങ്ങിയ ഭക്ഷണവസ്തുക്കൾ ഡയറ്റിൽ ഉൾപ്പെടുത്തണം. നേന്ത്രപ്പഴം, ചുവന്ന അരി, തൈര്, എള്ള്, നട്സ്, ചീര, പയർവർഗങ്ങൾ, ഡാർക്ക് ചോക്ലേറ്റ്, മത്തങ്ങക്കുരു തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ മഗ്നീഷ്യത്തിന്റെ അളവ് വർദ്ധിക്കും.

