ഭൂചലനം; തുർക്കിയിൽ തകർന്ന കെട്ടിടത്തിനുള്ളിൽ നിന്ന് ആറുവയസ്സുകാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് ഇന്ത്യൻ രക്ഷാ സംഘം

അങ്കാറ: തുർക്കിയിൽ ഭൂചലനത്തെ തുടർന്ന് തകർന്ന കെട്ടിടത്തിനുള്ളിൽ നിന്ന് ആറുവയസ്സുകാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് ഇന്ത്യൻ രക്ഷാ സംഘം. എൻഡിആർഎഫ് സംഘമാണ് കുട്ടിയെ രക്ഷിച്ചത്. ഓപ്പറേഷൻ ദോസ്ത് എന്ന പേരിലാണ് തുർക്കിയിൽ ഇന്ത്യൻ സംഘം രക്ഷാ പ്രവർത്തനം നടത്തുന്നത്.

ഇന്ത്യൻ സംഘം കുട്ടിയെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 51 എൻഡിആർഎഫ് ഉദ്യോഗസ്ഥരുടെ സംഘം തുർക്കിയിലേക്ക് പുറപ്പെട്ടതായി എൻഡിആർഎഫ് ഡയറക്ടർ ജനറൽ അതുൽ കർവാൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ചൊവ്വാഴ്ച തുർക്കിയിലേക്ക് തിരിച്ച രണ്ട് സംഘം ഗാസിയാൻടെപ് പ്രവിശ്യയിലെ നൂർദാഗിയിലും ഭൂകമ്പം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളായ ഉർഫയിലും രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്നും അദ്ദേഹം വിശദമാക്കി.

എൻഡിആർഎഫ് ടീമുകൾക്ക് രണ്ടാഴ്ചയോളം തുർക്കിയിൽ തങ്ങാൻ കഴിയും. റേഷൻ, ടെന്റുകൾ, മറ്റ് ലോജിസ്റ്റിക്‌സ് എന്നിവ എൻഡിആർഎഫ് ടീമുകൾക്കായി കരുതിയിട്ടുണ്ട്. തുർക്കിയിലെ കൊടും തണുപ്പുള്ള കാലാവസ്ഥയിൽ പ്രവർത്തിക്കാൻ പ്രത്യേക വസ്ത്രങ്ങൾ തങ്ങൾ നൽകിയിട്ടുണ്ടെന്നും ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിൽ നിന്നാണ് വസ്ത്രം എത്തിച്ചതെന്നും അധികൃതർ അറിയിച്ചു.

അതേസമയം, തുർക്കി സിറിയ ഭൂചലനത്തിൽ മരണസംഖ്യ 12000 കടന്നു. തുടർ ചലനങ്ങളും കനത്ത മഴയും മഞ്ഞു വീഴ്ചയുമാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നത്.