തിരുവനന്തപുരം: തുർക്കിയ്ക്കും സിറിയയ്ക്കും സഹായഹസ്തവുമായി കേരളം. തുർക്കിയ്ക്കും സിറിയയ്ക്കും ദുരിതാശ്വാസ സഹായമായി 10 കോടി രൂപ ബജറ്റിൽ അനുവദിച്ചു ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് ശേഷമുള്ള മറുപടി പ്രസംഗത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
10 കോടി രൂപ എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാനും അരൂർ മണ്ഡലത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ 5 കോടിയും അനുവദിച്ചു. അഷ്ടമുടിക്കായൽ ശുചീകരണത്തിന് അഞ്ചു കോടി രൂപയും വകയിരുത്തി. കരമന-കളിയിക്കാവിള റോഡ് വികസനത്തിനുള്ള നടപടികൾ അതിവേഗത്തിൽ സ്വീകരിക്കുമെന്നും ബാലഗോപാൽ വിശദമാക്കി. അങ്കണവാടി, ആശാ പ്രവർത്തകർക്ക് ശമ്പള കുടിശികയും അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു.
കണ്ണൂർ വിമാനത്താവളത്തിന് ഒരു കോടി രൂപയും സ്കൂളുകളിൽ കായിക പരിശീലനത്തിനായി മൂന്ന് കോടി രൂപയും, ഭിന്നശേഷി കുട്ടികളുടെ കലാമേളയായ സമ്മോഹനം പരിപാടിക്ക് 20 ലക്ഷം രൂപയും, പട്ടയം മിഷൻ നടപ്പിലാക്കാൻ രണ്ട് കോടി രൂപയും അനുവദിച്ചു. തലശ്ശേരി മണ്ഡലത്തിലെ മയ്യഴി വിനോദ സഞ്ചാര പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് ഒരുകോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

