തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് മകന്‍ ചാണ്ടി ഉമ്മന്‍ രംഗത്ത്.
‘അദ്ദേഹത്തിന് ഇപ്പോള്‍ ന്യുമോണിയയുടെ തുടക്കമാണ്. ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യത്തെക്കുറിച്ച് വ്യാജപ്രചാരണം നടക്കുന്നുണ്ട്. ആരോഗ്യത്തെ കുറിച്ച് വ്യാജരേഖ ഉണ്ടാക്കി ചിലര്‍ പ്രചരിപ്പിക്കുന്നു. ഇതു വിശ്വസിച്ച് ആളുകള്‍ വീട്ടില്‍ തുടരെ എത്തി. കൂടുതല്‍ ആളുകള്‍ വന്നതു മൂലമാകാം ന്യുമോണിയ വന്നത്. അസുഖബാധിതനാകുന്നതിനു തലേദിവസം വരെ ഉമ്മന്‍ചാണ്ടി പ്രവര്‍ത്തന നിരതമായിരുന്നു. അതുവരെ ഫയലുകള്‍ നോക്കി, വായിച്ച് ഒപ്പുവച്ചു. ഏഴെട്ടു വര്‍ഷമായി അദ്ദേഹത്തിന്റെ തൊണ്ടയ്ക്ക് പ്രശ്‌നമുണ്ട്. അസ്വാസ്ഥ്യം വന്നും പോയും ഇരിക്കുന്നു. ആദ്യം കാന്‍സറാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പിന്നീട് ലൂക്കോ പ്ലാക്കിയ ആണെന്നു പറഞ്ഞു. പിന്നീട് കരോട്ടിസിസ് ആണെന്നാണ് പറഞ്ഞത്. ബയോപ്സി ചെയ്തപ്പോള്‍ ക്യാന്‍സറാണെന്ന് പറഞ്ഞു. എന്നാല്‍ പിന്നീട് കാന്‍സറിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നു കണ്ടു. ജര്‍മനിയില്‍ ചികിത്സയ്ക്കു പോയപ്പോള്‍ ട്യൂമര്‍ ഇല്ലെന്ന റിപ്പോര്‍ട്ട് തന്നു. 2019-ല്‍ അമേരിക്കയില്‍ ചികിത്സയ്ക്കു പോയി. ജര്‍മനിയില്‍ പിന്നീട് ചികിത്സയ്ക്കു പോയി. ജര്‍മനിയില്‍ ഞാനാണ് ചികിത്സയ്ക്ക് ഒപ്പം പോയത്. ഇത്തവണ വീണ്ടും ജര്‍മനിയില്‍ പോയി. ഞാനാണ് ജര്‍മനിയിലേക്ക് പോകാമെന്ന് പറഞ്ഞത്. അവിടെ വെച്ച് ലേസര്‍ ശസ്ത്രക്രിയ നടത്തി. അസുഖം ഭേദമാകാന്‍ മരുന്നും പ്രാര്‍ഥനയുമുണ്ട്’- ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.

