ഓഹരി വിപണി തകർച്ചയിൽ; അദാനി ഗ്രൂപ്പ് ഉൾപ്പെടെയുള്ള കമ്പനികൾക്കെതിരായ മാധ്യമ വാർത്തകൾ വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ഉൾപ്പെടെയുള്ള കമ്പനികൾക്കെതിരായ മാധ്യമ വാർത്തകൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. സെബിക്ക് മുമ്പിൽ ഇത്തരം റിപ്പോർട്ടുകൾ ഫയൽ ചെയ്ത്, ആരോപണങ്ങൾ സ്ഥിരീകരിക്കാതെ വാർത്ത പ്രസിദ്ധീകരിക്കരുതെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. അഭിഭാഷകനായ എം.എൽ. ശർമ്മ ഹിൻഡൻബെർഗ് സ്ഥാപകൻ നഥാൻ ആൻഡേഴ്സണിനെതിരായി അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയുടെ അനുബന്ധമായാണ് പുതിയ ഹർജി.

മാധ്യമങ്ങൾ നൽകിയ അമിതപ്രധാന്യം ഇന്ത്യൻ ഓഹരി വിപണിയെ 50%ത്തിലേറെ തകർച്ചയിലേക്ക് നയിച്ചുവെന്നും മാധ്യമങ്ങളിലെ തുടർച്ചയായ ആരോപണങ്ങളും പ്രസ്താവനകളും നിക്ഷേപകരിൽ പരിഭ്രാന്തിയുണ്ടാക്കുന്നുവെന്നും ഹർജിയിൽ പറയുന്നുണ്ട്. നിക്ഷേപകർക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാവുന്ന അവസ്ഥയാണ്. സാധാരണ നിക്ഷേപകർ കശാപ്പ് ചെയ്യപ്പെടുകയാണെന്നും നീതി കണക്കിലെടുത്ത് ഇത് അവസാനിപ്പിക്കണമെന്നും ഹർജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇത്തരം ആരോപണങ്ങൾ ആപത്കരമാണ്. മാധ്യമങ്ങളെ ഒരിക്കലും അവ പ്രസിദ്ധീകരിക്കാൻ അനുവദിക്കരുത്. വാർത്ത നൽകുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കിയില്ലെങ്കിൽ ലക്ഷക്കണക്കിന് നിക്ഷേപകർക്ക് മാനനഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാകും. ഇത് പണം കൊണ്ട് നികത്താൻ കഴിയാത്തതാവും. ഹിൻഡൻബെർഗ് സ്ഥാപകൻ ആൻഡേഴ്സൺ ഉൾപ്പെടെ ആരും അദാനിക്കെതിരായി സെബിക്ക് മുന്നിൽ ഇതുവരെ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല. എന്നാൽ, മാധ്യമങ്ങൾ നൽകുന്ന അമിതപ്രധാന്യം കണക്കിലെടുത്ത് ഷോർട്ട് സെല്ലർമാർ തെളിയിക്കപ്പെടാത്ത ആരോപണങ്ങൾ മാധ്യമങ്ങൾ വഴി ഉന്നയിക്കുകയാണ്. ഇത് ഇന്ത്യൻ വിപണിയെ മോശമായി ബാധിക്കുന്നുവെന്നും ഹർജിയിൽ വിശദീകരിക്കുന്നു.

ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം അദാനി ഗ്രൂപ്പ് ഓഹരികൾക്ക് വലിയ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. അദാനിക്കെതിരെ ഓഹരി തട്ടിപ്പ് ആരോപണത്തിൽ കോർപ്പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം തുടങ്ങി. കോർപ്പറേറ്റ് കാര്യ മന്ത്രാലയം ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലാണ് പ്രാഥമിക അന്വേഷണം നടക്കുന്നത്.