തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നതിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. പിടിഎയുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് പല സ്ഥലങ്ങളിലും മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം അറിയിച്ചു.
ഇത്തവണ ബജറ്റിൽ കുറച്ച് തുക കൂട്ടിയിട്ടുള്ളതുകൊണ്ട് ഇനി ബുദ്ധിമുട്ട് ഇല്ലാതെ മുന്നോട്ടുപോകാൻ കഴിയുമെന്ന പ്രതിക്ഷയും അദ്ദേഹം മുന്നോട്ടുവെച്ചു.
അതേസമയം, തൊഴിൽ തേടി വിദേശത്തേക്കു പോകുന്ന സാഹചര്യം ഇല്ലാതാകുമെന്നും കേരളത്തിലെ മുഴുവൻ യുവജനങ്ങൾക്കും കേരളത്തിൽത്തന്നെ തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ സർക്കാർ ആവിഷ്‌കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ സർക്കാരിന്റെ കാലത്ത് 20 ലക്ഷം അഭ്യസ്തവിദ്യർക്കു തൊഴിൽ നൽകുകയാണു ലക്ഷ്യം. ഇതിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ തുറകളിൽ വൈവിധ്യമായ പ്രവർത്തനങ്ങൾ സർക്കാർ നടപ്പാക്കുകയാണ്. ആഗോള തൊഴിൽരംഗത്തെ മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതികൾ രൂപപ്പെടുത്തുന്നത്. ഓരോ തൊഴിൽ മേഖലയ്ക്കും ആവശ്യമായ വിധത്തിൽ യുവാക്കൾക്കു നൈപുണ്യ പരിശീലനം നൽകുന്നതിനും പദ്ധതി തയാറാക്കി നടപ്പാക്കിവരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴിലരങ്ങത്തേക്ക് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 25000ഓളം വനിതകൾ പരിശീലനത്തിനു സജ്ജരായി കേരള നോളഡ്ജ് ഇക്കോണമി മിഷന്റെ ഡിഡബ്ല്യുഎംഎസ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്റ്റർ ചെയ്യുന്ന എല്ലാ സ്ത്രീകൾക്കും തൊഴിൽ പരിശീലനം നൽകി തൊഴിൽ മേളകളിൽ എത്തിക്കും. വർക്ക് റെഡിനസ് പ്രോഗ്രാം, പേഴ്‌സനാലിറ്റി ഡെവലപ്‌മെന്റ് ട്രെയിനിങ്, റോബോട്ടിക് ഇന്റർവ്യൂ തുടങ്ങിയ സേവനങ്ങൾ ഡിഡബ്ല്യുഎംഎസ് പ്ലാറ്റ്‌ഫോമിൽ സൗജന്യമായി നൽകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

