കൊച്ചി: ഇറച്ചി കയറ്റുമതി ഉൾപ്പെടെ വികസന പദ്ധതികളുമായി പൊതുമേഖലാ സ്ഥാപനമായ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ (എംപിഐ). സുവർണ ജൂബിലി വർഷത്തിൽ മൂല്യവർദ്ധിത ഉത്പന്നങ്ങൾ, കോഴിയിറച്ചി സംസ്കരണ ഫാക്ടറി തുടങ്ങിയ പദ്ധതികളും നടപ്പാക്കാനാണ് എംപിഐയുടെ തീരുമാനം. പോത്തിറച്ചി കയറ്റുമതി ഈ വർഷം ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. ഇറച്ചി ഉപയോഗിച്ച് സോസേജ്, കട്ലറ്റ്, കബാബ്, നഗട്ട്സ് തുടങ്ങി 21 ഉത്പന്നങ്ങൾ വിപണിയിലിറക്കാനും പദ്ധതിയിടുന്നുണ്ട്.
ഇതിന്റെ ഭാഗമായി കൊല്ലം ജില്ലയിലെ ഏരൂരിൽ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 15 കോടി രൂപയാണ് പ്ലാന്റിന്റെ ചെലവ്. പ്രതിദിനം രണ്ടു ടൺ ഇറച്ചി ഉത്പന്നങ്ങൾ ഈ പ്ലാന്റിൽ നിർമ്മിക്കും. കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി കൂത്താട്ടുകുളം ഇടയാറിൽ കോഴിയിറച്ചി സംസ്കരണ ഫാക്ടറി, വളർത്തുപക്ഷികൾക്ക് ഭക്ഷണം നിർമ്മിക്കുന്ന പ്ലാന്റ് എന്നിവ ആരംഭിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള ഹോട്ടലുകൾക്കുൾപ്പെടെ ഇറച്ചി ലഭ്യമാക്കാനും പദ്ധതിയുണ്ട്.
പ്രതിദിനം ഒരു ഷിഫ്റ്റിൽ 200 കാള, പോത്ത്, 200 പന്നി എന്നിവയെ കശാപ്പ് ചെയ്ത് വിൽക്കാൻ കൂത്താട്ടുകുളം ഇടയാറിലെ പ്ലാന്റിന് ശേഷിയുണ്ട്. 11 കോടി രൂപയുടെ വിറ്റുവരവാണ് കഴിഞ്ഞ വർഷം ഈ പ്ലാന്റിൽ നേടിയത്. സുവർണ ജൂബിലി ആഘോഷങ്ങളുടെ ലോഗോ എം.പി.ഐ ചെയർപേഴ്സൺ കമല സദാനന്ദൻ, മാനേജിംഗ് ഡയറക്ടർ ഡോ. എ.എസ്. ബിജുലാൽ, ഡയറക്ടർ ഡോ. അനീസ് ദാസ് തുടങ്ങിയവർ പ്രകാശനം ചെയ്തു.

