ന്യൂഡൽഹി: പണയപ്പെടുത്തിയിട്ടുള്ള ഓഹരികൾ മുൻകൂർ പണം നൽകി തിരിച്ചുവാങ്ങുമെന്ന പ്രഖ്യാപനവുമായി അദാനി ഗ്രൂപ്പ്. ഇതിനായി കമ്പനി 1114 മില്യൻ ഡോളർ മാറ്റിവെയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഓഹരി വിപണിയിലെ നിലവിലെ പ്രതിസന്ധി കണക്കിലെടുത്തും ഗ്രൂപ്പിൽ നിക്ഷേപം നടത്തിയിട്ടുള്ള ഓഹരിയുടമകളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയുമാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്നാണ് അദാനിയുടെ വിശദീകരണം. അദാനി പോർട്‌സ് ആൻഡ് സ്‌പെഷൽ ഇക്കണോമിക് സോൺ, അദാനി ഗ്രീൻ എനർജി, അദാനി ട്രാൻസ്മിഷൻ തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് തിരികെ വാങ്ങുന്നത്.
അതേസമയം, ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം അദാനി ഗ്രൂപ്പ് ഓഹരികൾക്ക് വലിയ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. അദാനിക്കെതിരെ ഓഹരി തട്ടിപ്പ് ആരോപണത്തിൽ കോർപ്പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം തുടങ്ങി. കോർപ്പറേറ്റ് കാര്യ മന്ത്രാലയം ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലാണ് പ്രാഥമിക അന്വേഷണം നടക്കുന്നത്.

