പുഴുവരിച്ച് അഴുകിയ നിലയില്‍ മത്സ്യം; കണ്ടെത്തിയത് മരടില്‍

എറണാകുളം: മരടില്‍ ചീഞ്ഞളിഞ്ഞ് പുഴുവരിച്ച നിലയില്‍ രണ്ട് കണ്ടെയ്നര്‍ പഴകിയ മീന്‍ പിടികൂടി. ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ നഗരസഭാ ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിരാന, രോഹു ഇനങ്ങളില്‍ പെട്ട പഴകിയ മത്സ്യം കണ്ടെത്തിയത്.

ആന്ധ്ര പ്രദേശില്‍ നിന്ന് ഫ്രീസര്‍ ഇല്ലാത്ത കണ്ടെയ്നര്‍ വാഹനത്തില്‍ കൊണ്ടുവന്ന മത്സ്യമാണ് പിടികൂടിയത്. ഒരു കണ്ടെയ്നറിലെ മത്സ്യം പൂര്‍ണമായും ചീഞ്ഞളിഞ്ഞ നിലയിലാണ്. മറ്റൊരു കണ്ടെയ്നറില്‍ അഴുകിയ മത്സ്യത്തിനൊപ്പം നല്ല മത്സ്യവും ഇടകലര്‍ത്തി ബോക്സുകളില്‍ ഐസ് നിറച്ച് സൂക്ഷിച്ച നിലയിലായിരുന്നു.

ആദ്യത്തെ കണ്ടെയ്നറിലെ മത്സ്യത്തിന്റെ സാമ്ബിള്‍ പരിശോധനയ്ക്കയക്കുകയും രണ്ടാമത്തെ കണ്ടെയ്നറിലെ മത്സ്യം നശിപ്പിക്കാന്‍ തൃപ്പൂണിത്തുറയിലെ ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.