തുര്‍ക്കിയിലും സിറിയയിലും ഭൂചലനം; ഇറ്റലിയില്‍ സുനാമി മുന്നറിയിപ്പ്‌

ഈസ്താംബൂള്‍: കിഴക്കന്‍ തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തില്‍ കനത്ത നാശനഷ്ടം. റിക്ടര്‍ സ്‌കെയില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനമാണ് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 6.7 റിക്ടര്‍ സ്‌കെയിലില്‍ തുടര്‍ ഭൂചലനവും അനുഭവപ്പെട്ടു.

തുര്‍ക്കിയില്‍ 55 പേരും സിറിയയില്‍ 43 പേരും മരിച്ചതായാണ് ആദ്യ റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ഇരുരാജ്യങ്ങളിലുമായി 400ല്‍ അധികം പേര്‍ക്ക് ഭൂചനലത്തില്‍ പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുകയാണ്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം. ആദ്യ ചലനത്തിനു പിന്നാലെ ആറ് തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടുവെന്നും ആളുകള്‍ തകര്‍ന്ന വീടുകള്‍ക്കുള്ളിലേക്ക് കയറരുതെന്ന് അധികൃതര്‍ അറിയിച്ചു. ഇറ്റലിയില്‍ സുനാമി മുന്നറിയിപ്പുണ്ട്.