കൂടത്തായി കേസ്; ദേശീയ ഫൊറൻസിക് ലാബ് റിപ്പോർട്ട് തിരിച്ചടിയല്ലെന്ന് കെ ജി സൈമൺ

ഇടുക്കി: കൂടത്തായി കൊലപാതക പരമ്പര കേസിലെ ദേശീയ ഫൊറൻസിക് ലാബ് റിപ്പോർട്ട് തിരിച്ചടിയല്ലെന്ന് വ്യക്തമാക്കി മുൻ അന്വേഷണ ഉദ്യോഗസ്ഥൻ കെ ജി സൈമൺ. കാലപ്പഴക്കം കൊണ്ട് മരണകാരണത്തിൽ വ്യക്തത കിട്ടണമെന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഫൊറൻസിക്ക് ലാബിൽ പരിശോധിച്ചപ്പോഴും 4 മൃതദേഹങ്ങളിൽ നിന്ന് വിഷത്തിന്റെയോ സൈനൈഡിന്റെയോ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. കാലപ്പഴക്കം കൊണ്ട് സംഭവിക്കുന്നതാണതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തുടർന്ന് നാല് പേരുടെയും മരണം സംബന്ധിച്ച് പരിശോധന നടത്താൻ ഡോക്ടറുമാരുടെ പാനൽ തയ്യാറാക്കുകയും അവരുടെ റിപ്പോർട്ട് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് നടത്തിയ പരിശോധന ഫലം കൂടുതൽ ഉറപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര ലാബിലേയ്ക്ക് അയച്ചതെന്നും കെ ജി സൈമൺ കൂട്ടിച്ചേർത്തു.

കൂടത്തായി കൊലപാതക കേസിൽ അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയിൽ മാത്യു, രണ്ടര വയസുകാരി ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡോ മറ്റ് വിഷാംശമോ കണ്ടെത്താനായില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. 2019 ഒക്ടോബർ അഞ്ചിനാണ് പ്രതിയായ ജോളിയെ കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റു ചെയ്യുന്നത്. ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ്, റോയിയുടെ മാതാപിതാക്കളായ പൊന്നാമറ്റം അന്നമ്മ, ടോം തോമസ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ജോളിയുടെ രണ്ടാം ഭർത്താവായ ഷാജുവിന്റെ ഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരെ ഭക്ഷണത്തിൽ വിഷം കലർത്തിയും സയനൈഡ് നൽകിയും കൊലപ്പെടുത്തിയെന്നാണ് കേസ്.

ജോളിയുടെ ഭർത്താവിന്റെ സഹോദരൻ ക്രൈംബ്രാഞ്ചിന് നൽകിയ പരാതിയാണ് അന്വേഷണത്തിലേക്ക് എത്തിയത്. ഇതോടെ കുഴിച്ച് മൂടിയ മൃതദേഹങ്ങൾ ഓരോന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയാണ് കൊല്ലപ്പെട്ടവരുടെ മരണ കാരണം ഉള്ളിൽ വിഷം ചെന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.