ഇസ്രായേൽ യാത്രയിൽ നിന്നും പിന്മാറി കൃഷിമന്ത്രി; കാരണമിത്

തിരുവനന്തപുരം: ആധുനിക കൃഷി രീതി പരിചയപ്പെടുത്താൻ കർഷകരുമായി ഇസ്രായേൽ സന്ദർശിക്കാനുള്ള തീരുമാനത്തിൽ നിന്ന് കൃഷിമന്ത്രി പി പ്രസാദ് പിന്മാറി. കർഷകരും ഉദ്യോഗസ്ഥരും മാത്രമായിരിക്കും ഇസ്രായേൽ സന്ദർശിക്കുന്നത്. രാഷ്ട്രീയ നിലപാടുകളുമായി ഇടതുപാർട്ടികൾക്ക് വിയോജിപ്പുള്ള രാജ്യമാണ് ഇസ്രായേൽ. ഇടതുമുന്നണിയിലെ മന്ത്രി ഇസ്രായേൽ സന്ദർശിക്കുന്നതിലെ എതിർപ്പ് സിപിഎം ദേശീയ നേതൃത്വം സിപിഐ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചതെന്നാണ് വിവരം.

കൃഷിമന്ത്രിയുടെ ഇസ്രായേൽ സന്ദർശനത്തിലെ ഔചിത്യമില്ലായ്മ സിപിഐ ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തെയും അറിയിച്ചിരുന്നു. 20 കർഷകരാണ് ഇസ്രായേലിലേക്ക് പോകുന്നത്. ഇതിൽ 13 പേർ സ്വന്തം നിലയ്ക്കാണ് ടിക്കറ്റെടുത്തിട്ടുള്ളത്. ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് മാത്രം 55,000 രൂപയാണ് ഒരു കർഷകന് ചെലവ്. കൂട്ടമായി ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കിയാൽ പണം തിരികെ ലഭിക്കില്ല. സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ രണ്ട് കോടി രൂപാ ചെലവിൽ ഇസ്രായേൽ സന്ദർശിക്കുന്നതിനെതിരെ നേരത്തെ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു.

അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടെ നൂതന കൃഷി രീതികളെ കുറിച്ച് പഠിക്കുന്നതിനായി ഇസ്രായേലിലേക്ക് കേരളാ സംഘത്തെ അയക്കുന്നതിനെതിരായ ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കേരളാ കൃഷി വകുപ്പ് മന്ത്രിയുടേയും സംഘത്തിന്റെയും ഇസ്രായേലിലേക്കുള്ള യാത്ര ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചിരുന്നത്.