വാഷിംഗ്ടൺ: അതിർത്തി കടന്നു പറന്ന കൂറ്റൻ ചൈനീസ് ബലൂൺ മിസൈൽ അയച്ച് തകർത്ത് കടലിൽ വീഴ്ത്തിയ സംഭവത്തിൽ അമേരിക്കയ്ക്ക് എതിരെ പ്രതിഷേധം അറിയിച്ച് ചൈന. അമേരിക്കയുടെ ഭാഗത്ത് നിന്നും ഉണ്ടായത് അതിര് വിട്ട പ്രതികരണമാണെന്നാണ് ചൈന ആരോപിക്കുന്നത്. അന്താരാഷ്ട്ര മര്യാദയുടെ ലംഘനമാണിതെന്നും തക്കതായ മറുപടി പ്രതീക്ഷിക്കാമെന്നും ചൈന വ്യക്തമാക്കി.
സംഭവത്തിൽ തിരിച്ചടി നൽകുമെന്നും അമേരിക്കയ്ക്ക് ചൈന മുന്നറിയിപ്പ് നൽകി. മൂന്നു ലോറികളുടെ വലുപ്പമുള്ള കൂറ്റൻ ബലൂൺ ആണ് കഴിഞ്ഞ ദിവസം അമേരിക്ക വെടിവെച്ചിട്ടത്. രഹസ്യം ചോർത്താൻ ചൈന അയച്ച ചാര ബലൂൺ ആണ് വെടിവെച്ചിട്ടതെന്നാണ് അമേരിക്കയുടെ നിഗമനം. എന്നാൽ, കാലാവസ്ഥ പഠനത്തിനുള്ള സിവിലിയൻ എയർഷിപ്പ് വഴിതെറ്റി പറന്നതെന്നാണ് ചൈന പറയുന്നത്. ആണവായുധ കേന്ദ്രങ്ങൾക്ക് മുകളിലൂടെ ഉൾപ്പെടെ പറന്ന ബലൂൺ രഹസ്യം ചോർത്താൻ ചൈന മനഃപൂർവം അയച്ചതെന്നാണ് അമേരിക്കയുടെ ആരോപണം.
വെടിവെച്ചിട്ടത് നിരീക്ഷണ ബലൂൺ തന്നെയായിരുന്നെന്നും യു.എസിനും കാനഡയ്ക്കും മുകളിലൂടെ ബോധപൂർവം ബലൂൺ പറത്തി സൈനിക കേന്ദ്രങ്ങളിൽ ഉൾപ്പെടെ നിരീക്ഷണം നടത്താനായിരുന്നു ചൈനയുടെ ശ്രമം എന്ന കാര്യത്തിൽ ഉറപ്പുണ്ടെന്നും അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.

