സംസ്ഥാനത്ത് രാസലഹരിയെത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയിലെ മുഖ്യകണ്ണി അറസ്റ്റിൽ; പിടികൂടിയത് അതിസാഹസികമായി

കോഴിക്കോട്: സംസ്ഥാനത്ത് രാസലഹരിയെത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയിലെ മുഖ്യകണ്ണി അറസ്റ്റിൽ. നൈജീരിയൻ പൗരനായ ചാൾസ് ഒഫ്യൂഡിലാണ് അറസ്റ്റിലായത്. ബംഗളൂരുവിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് കേരളാ പോലീസ് അറിയിച്ചു. നവംബറിൽ നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിലെ അന്വേഷണത്തിലാണ് നൈജീരിയൻ പൗരൻ പിടിയിലായത്.

മാസങ്ങളായി ഇയാൾ ബംഗളൂരുവിൽ ഒളിവിൽ താമസിക്കുകയായിരുന്നു. കേരളാ പോലീസ് ഇയാളെ പിടികൂടുമ്പോൾ ഇയാളുടെ കൈവശം 55 ഗ്രാം എംഎഡിഎംഎ ഉണ്ടായിരുന്നു. സാഹസികമായാണ് പോലീസ് ഇയാളെ പിടികൂടിയത്. പോലീസ് എത്തിയപ്പോൾ ഇയാൾ ആക്രമിക്കാൻ ശ്രമിച്ചെന്നും തോക്കു ചൂണ്ടിയാണ് പിന്നീട് ഇയാളെ കീഴ്‌പ്പെടുത്തിയതെന്നും പോലീസ് അറിയിച്ചു.

കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ വെച്ച് ഖാലിദ് അബാദി എന്നയാൾ കഴിഞ്ഞ നവംബറിൽ 58 ഗ്രാം എം ഡി എം എയുംമായി പിടിയിലായിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലേക്ക് വിദേശത്തുനിന്ന് മയക്കുമരുന്നെത്തിക്കുന്ന മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് മയക്കുമരുന്ന് എത്തിച്ചുനൽകിയ വിദേശ പൗരനായ ഘാന സ്വദേശിയായ വിക്ടർ ഡി സാംബെ എന്നയാളും പോലീസിന്റെ വലയിലായി. ഇതിന് പിന്നാലെയാണ് ചാൾസിന്റെ അറസ്റ്റും രേഖപ്പെടുത്തുന്നത്.