ന്യൂഡൽഹി: പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ നിക്ഷേപ പരിധി ഉയർത്തി. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനാണ് നിക്ഷേപ പരിധി ഒറ്റ അക്കൗണ്ടിന് 4.5 ലക്ഷം രൂപയിൽ നിന്ന് 9 ലക്ഷം രൂപയായും ജോയിന്റ് അക്കൗണ്ടിന് 15 ലക്ഷം രൂപയായും വർധിപ്പിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. 2023 ലെ യൂണിയൻ ബജറ്റ് അവതരിപ്പിക്കുന്നതിനിടയിലായിരുന്നു നിർമ്മലാ സീതാരാമന്റെ പ്രഖ്യാപനം. പ്രതിമാസം പലിശ കിട്ടുന്ന ഈ നിക്ഷേപ പദ്ധതിയിൽ കൂടുതലായി ചേരുന്നത് മുതിർന്ന പൗരന്മാരാണ്.
2023 ജനുവരി 1 ന് പദ്ധതിയിൽ പ്രാബല്യത്തിൽ വന്ന പലിശ നിരക്ക് 7.1 ശതമാനമാണ്. ഓരോ മാസവും ലഭിക്കുന്ന പലിശ അക്കൗണ്ട് ഉടമ ക്ലെയിം ചെയ്യുന്നില്ലെങ്കിൽ ആ അധിക പണത്തിന് പലിശ ലഭിക്കില്ല. നേരത്തെ POMIS അക്കൗണ്ടിന്റെ പരമാവധി നിക്ഷേപ പരിധി ഒറ്റ അക്കൗണ്ടിന് 4.5 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടിന് 9 ലക്ഷം രൂപയുമായിരുന്നു. പ്രായപൂർത്തിയായ ഏതൊരു വ്യക്തിക്കും ഈ അക്കൗണ്ട് തുറക്കാം. 10 വയസ്സിന് മുകളിലുള്ള പ്രായപൂർത്തിയാകാത്തവർക്കും POMIS ൽ സ്വന്തം പേരിൽ അക്കൗണ്ട് ആരംഭിക്കാം. POMIS അക്കൗണ്ടിൽ 9 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ പുതിയ പലിശ നിരക്കനുസരിച്ച് ഇതിൽ നിന്ന് പ്രതിമാസ പലിശ വരുമാനം 5325 രൂപയും ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 8875 രൂപയും ലഭിക്കും.

