ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അദാനി ഗ്രൂപ്പിന്റെ ഓഹരിത്തട്ടിപ്പ് പാർലമെന്റിൽ ചർച്ചക്കെടുക്കാത്ത നടപടിയിലാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തിയത്. കേന്ദ്രസർക്കാർ വിഷയം പാർലമെന്റിൽ ഉന്നയിക്കാത്തത് ഭയം കൊണ്ടാണെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. രണ്ട് വർഷമായി വിഷയം ഉന്നയിക്കുന്നുണ്ടെന്നും ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അദാനി ഗ്രൂപ്പിനെതിരെ ഒരു തരത്തിലുമുള്ള ചർച്ചകൾ നടക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ മോദി ജി ശ്രമിക്കുന്നു. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ തന്നെ ഒരു മനുഷ്യനാൽ അട്ടിമറിക്കപ്പെടുകയാണ്. അദാനി ഗ്രൂപ്പിന് പിന്നിൽ പ്രവർത്തിക്കുന്ന ശക്തികളാരാണെന്ന് എല്ലാവർക്കുമറിയാമെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.
അദാനി വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തിയിരുന്നു.എന്നാൽ, കേന്ദ്ര സർക്കാർ ഈ ആവശ്യം തഴഞ്ഞതോടെ ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്.

