വന്ദേ ഭാരത് എക്‌സ്പ്രസ് വൈകാതെ കേരളത്തിൽ എത്തും; ഉറപ്പു നൽകി കേന്ദ്രമന്ത്രി

ന്യൂഡൽഹി:വന്ദേ ഭാരത് എക്‌സ്പ്രസ് വൈകാതെ കേരളത്തിൽ എത്തും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. ശബരി പാതയ്ക്ക് നൂറു കോടിയുൾപ്പടെ ഈ വർഷത്തെ ബജറ്റിൽ കേരളത്തിന് 2033 കോടി രൂപ കേന്ദ്രം അനുവദിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിൽവർ ലൈനിൽ ജനങ്ങളുടെ വികാരം കണക്കിലെടുക്കണമെന്നും, കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി ഉടൻ ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, അങ്കമാലി ശബരി പാതയ്ക്കായി ഇത്തവണ 100 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. തിരുവനന്തപുരം കന്യാകുമാരി പാതയിരട്ടിപ്പിക്കലിന് 808 കോടിയും, എറണാകുളം – കുമ്പളം പാത ഇരട്ടിപ്പിക്കലിന് 101 കോടിയും ബജറ്റിൽ അനുവദിച്ചു.

വളരെ സുതാര്യമായാണ് കേന്ദ്രം കേരളം സമർപ്പിച്ച സിൽവർ ലൈൻ പദ്ധതിയെ പരിഗണിച്ചത്. ജനങ്ങളുടെ വികാരം കണക്കിലെടുക്കാതെ പറ്റില്ലെന്നും പദ്ധതിക്കായി കണക്കാക്കിയ തുക വളരെ അധികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് വളരെ ഗൗരവമുള്ള കാര്യമാണ്. വന്ദേ മെട്രോയും, ഹൈഡ്രജൻ ട്രെയിനും ഈ വർഷം രാജ്യത്ത് അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.