തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചും കിഫ്ബിയെ പൂര്‍ണ്ണമായും കൈവിടാതെയും ബജറ്റ് പ്രസംഗം ആരംഭിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.
ധനമന്ത്രിയുടെ പ്രസംഗത്തില്‍ നിന്ന്
‘കേരളം കടക്കെണിയില്‍ അല്ല. വായ്പയോടുള്ള സംസ്ഥാന സമീപനത്തില്‍ മാറ്റമില്ല. വായ്പ എടുത്ത് വികസന പ്രവര്‍ത്തനം നടത്തണം. ബദല്‍ വികസന നയങ്ങള്‍ക്ക് കേന്ദ്ര നയം തിരിച്ചടിയാണ്. ഫെഡറല്‍ മൂല്യം സംരക്ഷിക്കാന്‍ വിവിധ സംസ്ഥാനങ്ങളുമായി യോജിച്ചു പ്രവര്‍ത്തിക്കണം. കിഫ്ബി ബാധ്യത സംസ്ഥാനത്തിന്റെ ബാധ്യതയാക്കി. ജിഎസ്ടി വിഹിതം കുറച്ചു. കേന്ദ്ര അവഗണനയില്‍ ആഘോഷിക്കുന്നവര്‍ ആരുടെ പക്ഷത്താണ്? കേന്ദ്ര അവഗണനക്കിടയിലും ശമ്ബളവും പെന്‍ഷനും കൃത്യമായി കൊടുക്കുന്നുണ്ട്.
നഗരവത്കരണ തോത് ഉയര്‍ന്ന സംസ്ഥാനമാണ് കേരളം. നവകേരളത്തിന് സമഗ്രമായ നഗരനയം രൂപീകരിക്കാന്‍ കമ്മീഷന്‍ രൂപീകരിക്കും. നഗരവത്കരണത്തിന് 300 കോടി അനുവദിച്ചു. ഈ വര്‍ഷം കിഫ്ബി വഴി 100 കോടി മാറ്റി വെക്കും. വിഴിഞ്ഞം തുറമുഖം വികസനത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. വിഴിഞ്ഞം തുറമുഖത്തിന് ചുറ്റുമായി വ്യവസായി ഇടനാഴിക്കായി കിഫ്ബി വഴി 1000 കോടി അനുവദിച്ചു. ഇടനാഴിക്ക് ഒപ്പം താമസ സൗകര്യങ്ങളും ഒരുക്കും. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നടത്തുന്നത് അദാനിയാണ്.
വര്‍ക്ക് ഫ്രം ഹോമിന് സമാനമായ പദ്ധതി ടൂറിസം മേഖലയിലും തയ്യാറെടുപ്പുകള്‍ക്കായി 10 കോടി വകയിരുത്തി. ഐടി റിമോര്‍ട്ട് വര്‍ക്ക് കേന്ദ്രങ്ങള്‍, വര്‍ക്ക് നിയര്‍ ഹോം കോമണ്‍ ഫസിലിറ്റി സെന്ററുകള്‍ എന്നിവ ഒരുക്കാനായി 50 കോടി അനുവദിച്ചു. ടൂറിസം ഇടനാഴി വികസനത്തിന് 50 കോടി രൂപയും ബജറ്റില്‍ മാറ്റി വച്ചു. മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദര്‍ശനം ഗുണം ചെയ്തെന്നും വ്യവസായം മുതല്‍ വിദ്യാഭ്യാസം വരെ സമഗ്ര മേഖലയില്‍ ഉണര്‍വ് ഉണ്ടാക്കി.
ഇന്ത്യയില്‍ ഏറ്റവും വിലക്കുറവ് ഉള്ള സംസ്ഥാനമായി കേരളം അടയാളപ്പെടുത്തിയിരുന്നു. വിലക്കയറ്റം നിയന്ത്രിക്കാന്‍ 2000 കോടി അനുവദിച്ചു. കേരളം വളര്‍ച്ചയുടേയും അഭിവൃദ്ധിയുടേയും നാളുകളിലേക്ക് തിരിച്ചുവന്നു. സംസ്ഥാനം പ്രതിസന്ധികളില്‍ നിന്നും കര കയറിയ വര്‍ഷമാണ് കടന്നു പോയത്. അതിജീവനത്തിന്റെ വര്‍ഷമാണ് കടന്ന് പോയത്. വ്യവസായ മേഖലകളിലടക്കം വളര്‍ച്ചയുണ്ടായി.’

