സര്‍ക്കാര്‍ നടപടികള്‍ വിലയിരുത്താതെ പരാജയം എന്ന് പറയുന്നത്‌ ശരിയല്ല: മന്ത്രി എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വന്യജീവി ശല്യം തടയാനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ ന്യായീകരിച്ച് വനം മന്ത്രി എ കെ ശശീന്ദ്രന്‍. പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

‘സര്‍ക്കാര്‍ നടപടികള്‍ വിലയിരുത്താതെ പരാജയം എന്ന് വിലയിരുത്തുന്നത് ശരിയല്ല. കേരളത്തിന്റെ മാത്രം തീരുമാന പരിധിയിലല്ല കാര്യങ്ങളെല്ലാം. വന്യജീവി സംഘര്‍ഷം എങ്ങിനെ തടായമെന്നതില്‍ ശാസ്ത്രീയ പഠനം സര്‍ക്കാര്‍ നടത്തും. വനം വകുപ്പ് ജീവനക്കാര്‍ രാപ്പകല്‍ അധ്വാനിക്കുന്നു അവരുടെ ആത്മവീര്യം കെടുത്തരുത്. ചിന്നക്കനാലില്‍ ശക്തി വേല്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ദാരുണ സംഭവമാണ്. കടുവയുടെ ആക്രമണത്തില്‍ മരിച്ച തോമസിന്റെ മകന് വനം വകുപ്പില്‍ ജോലി നല്‍കും. നിയമ സഭ നിര്‍ത്തി ഈ വിഷയം ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ല’- മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, അതീവ ലാഘവത്തോടെയാണ് വനം മന്ത്രി പ്രശ്‌നത്തെ കാണുന്നതെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ സണ്ണി ജോസഫ് പറഞ്ഞു. ‘വയനാട്ടിലെ തോമസിന്റെ മരണം തക്ക സമയത്തു ചികിത്സ കിട്ടാത്തതിനാലാണ്. 2021 മുതല്‍ വന്യജീവി അക്രമത്തില്‍ കൃഷി നശിച്ചവര്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നില്ല. വനം മന്ത്രി ഉറക്കം നടിക്കുകയാണ്’- അദ്ദേഹം വ്യക്തമാക്കി.