ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിൽ അദാനി ഗ്രൂപ്പിന്റെ പ്രതികരണം അവലോകനം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ.സി.). വിഷയവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ അദാനി ഗ്രൂപ്പ് മാനേജ്മെന്റുമായി ചർച്ചകൾ നടത്തുമെന്നും എൽഐസി അറിയിച്ചു.
എൽഐസിയ്ക്ക് അദാനി ഗ്രൂപ്പ് ഓഹരികളിൽ വലിയ അളവിൽ നിക്ഷേപമുണ്ട്. ഇപ്പോഴത്തെ സാഹചര്യം വളർന്നുകൊണ്ടിരിക്കുന്ന ഒന്നാണെന്നും എന്താണ് യഥാർഥ സ്ഥിതി എന്നതിനെ കുറിച്ച് വ്യക്തതയില്ലെന്നും എൽ.ഐ.സി. മാനേജിങ് ഡയറക്ടർ രാജ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്. വലിയ നിക്ഷേപകർ എന്ന നിലയ്ക്ക് പ്രസക്തമായ ചോദ്യങ്ങൾ ചോദിക്കാൻ എൽഐസിയ്ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
ഏകദേശം 36,474 കോടിരൂപയുടെ നിക്ഷേപമാണ് അദാനി ഗ്രൂപ്പിന്റെ കമ്പനികളിൽ എൽഐസി നടത്തിയിട്ടുള്ളത്. ഹിൻഡൻബർഗ് റിസർച്ചിന് മറുപടിയുമായി കഴിഞ്ഞ ദിവസമാണ് അദാനി ഗ്രൂപ്പ് രംഗത്തെത്തിയത്. ഓഹരി വിപണിയിലെ തട്ടിപ്പുകളെ കുറിച്ച് റിപ്പോർട്ട് പുറത്തുവിട്ടതിലാണ് അദാനി ഗ്രൂപ്പ് ഹിൻഡൻബർഗ് റിസർച്ചിന് മറുപടി നൽകിയത്. പൊതു മധ്യത്തിൽ ലഭ്യമായ വിവരങ്ങളെ തെറ്റായ വ്യാഖ്യാനിച്ച് ഹിൻഡൻബർഗ് നുണപ്രചാരണം നടത്തിയെന്ന് കമ്പനി അറിയിച്ചു. 413 പേജുള്ള മറുപടിയാണ് അദാനി ഗ്രൂപ്പ് നൽകിയിട്ടുള്ളത്.
ഹിൻഡൻ ബർഗ് റിസർച്ചിന്റെ 88 ചോദ്യങ്ങളിൽ 68 നും അതത് കമ്പനികൾ വാർഷിക റിപ്പോർട്ടിൽ ഉത്തരം പറഞ്ഞിട്ടുണ്ട് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ശേഷിക്കുന്നവയിൽ 4 ചോദ്യങ്ങൾ ശുദ്ധ അസംബന്ധമാണ്. ചോദ്യങ്ങളിൽ 16 എണ്ണം ഷെയർ ഹോൾഡർമാരുടെ വരുമാനത്തേക്കുറിച്ചാണെന്നും അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടി.
വിദേശത്ത് ഷെൽ കമ്പനികൾ ഉണ്ടെന്ന ആരോപണം തെറ്റാണ്. വിദേശ കമ്പനികൾക്ക് നിക്ഷേപം നടത്താനുള്ള നിയമത്തെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കിയവർക്ക് അറിയില്ല. ഇന്ത്യൻ സ്ഥാപനങ്ങളിലേക്കും ജുഡീഷ്യറിയിലേക്കുമുള്ള കടന്നുകയറ്റമാണ് ഹിൻഡൻബർഗ് നടത്തിയതെന്നും അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നു.

