റിയാദ്: പ്രവാസികളുടെ നിക്ഷേപ സാധ്യതകള്‍ കൂടുതല്‍ സുതാര്യവും എളുപ്പവുമാക്കുന്നതിന് ഏകജാലക സംവിധാനം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും വൈകാതെ അതിന്റെ പ്രഖ്യാപനമുണ്ടാകുമെന്നും റവന്യൂ മന്ത്രി കെ. രാജന് പറഞ്ഞു. ദമ്മാം ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിയുടെ വാക്കുകള്‍
‘ചില പ്രവാസി സംരംഭകര്‍ ആത്മഹത്യ ചെയ്തത് ഉള്‍പ്പടെയുള്ള പ്രശ്നങ്ങളുണ്ടായി. പ്രവാസി നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ചുവപ്പു നാടയുടെ സങ്കീര്‍ണതകള്‍ ഇല്ലാതാക്കി വേഗത്തില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കുക തുടങ്ങിയ ലക്ഷ്യവും ഏകജാലക സംവിധാനത്തിനുണ്ടാകും. കേരളത്തിലെ റവന്യു വകുപ്പ് പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യുക എന്ന ദൗത്യമാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. നാല് വര്‍ഷം കൊണ്ട് കേരളത്തിലെ മുഴുവന്‍ ഭൂമിയിലും ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കും. പ്രവാസികളുടെ ഭൂമികള്‍ അവര്‍ ചുമതലപ്പെടുത്തുന്ന ആളിന്റെ സാന്നിധ്യത്തില്‍ മാത്രമേ അളക്കൂ. ഈ വര്‍ഷം അവസാനം കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി പ്രഖ്യാപിക്കും. മുഴുവന്‍ രേഖകളും വിരല്ത്തുമ്പുകളില് ലഭ്യമാകുന്ന അതിപ്രധാന നിലയിലേക്ക് കേരളം മാറുകയാണ്. ഇത് ജനങ്ങളെ ബോധവത്കരിക്കുന്നതിന് കേരളചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട സാക്ഷരതാ യജ്ഞത്തിന് സമാനമായി ‘ഇ-സാക്ഷരതാ യജ്ഞ’ത്തിന് റവന്യുവകുപ്പ് നേതൃത്വം കൊടുക്കും. കെ-റെയില്‍ കേരള വികസന ചരിത്രത്തില്‍ പുതിയ വികസന രേഖ വരച്ചുചേര്‍ക്കുന്ന ഒന്നാണ്. ഇത് സര്‍ക്കാര്‍ പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ല. കേന്ദ്രത്തിന്റെ അനുമതി ലഭ്യമാകുന്നതിന് മുറക്ക് കെ-റെയില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി നേരത്തെ തന്നെ കത്തിടപാടുകള്‍ നടത്തിയിരുന്നു. അനുമതി കിട്ടുമെന്ന പ്രതീക്ഷയിലുള്ള മുന്നൊരുക്കങ്ങളായിരുന്നു കല്ലിടല്‍ യജ്ഞം. അതേസമയം കൃത്യമായ നഷ്ടപരിഹാരവും പുരധിവാസ സംവിധാനങ്ങളും ഒരുക്കി മാത്രമേ പദ്ധതി നടപ്പാക്കുകയുള്ളൂ. നവോത്ഥാന പ്രസ്ഥാനങ്ങളാണ് ഐക്യകേരളം രൂപപ്പെടുത്തിയതെങ്കില്‍, ഐക്യകേരളം പുതുക്കി പണിതത് പ്രവാസികളാണ്. ആധുനിക കേരള സൃഷ്ടിയില്‍ ജനാധിപത്യ സര്‍ക്കാരുകള്‍ക്കൊപ്പം നില്ക്കാന് പ്രവാസികള്‍ കാണിച്ച മനസ് പരിഗണിക്കപ്പെടേണ്ടതാണ്.’

