ജോഡോ യാത്ര: ഇന്ത്യന്‍ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ രണ്ടാം ജന്മമാണ് രാഹുല്‍ ഗാന്ധിക്കെന്ന് എ.കെ ആന്റണി

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയതിന് രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി മുതിര്‍ന്ന നേതാവ് എ കെ ആന്റണി.

‘ഇന്ത്യ കണ്ട ഏറ്റവും വ്യത്യസ്തമായ യാത്രയാണ് രാഹുല്‍ ഗാന്ധി നടത്തിയത്. വഴികളില്‍ കണ്ടവരെയെല്ലാം ചേര്‍ത്തുപിടിച്ചു. യാത്ര പൂര്‍ത്തിയായപ്പോള്‍ കണ്ടത് പുതിയൊരു രാഹുല്‍ ഗാന്ധിയെ. ഈ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് ഇറക്കുന്നത്തോടെ മാത്രമാണ് യാത്ര പൂര്‍ത്തിയാവുക. ഇന്ത്യന്‍ യാഥാര്‍ഥ്യം തിരിച്ചറിയാന്‍ പറ്റുന്നൊരു രണ്ടാം ജന്മമാണ് രാഹുല്‍ ഗാന്ധിക്ക് ഉണ്ടായത്. വിശാല ജനാധിപത്യ ഐക്യത്തിനാണ് കോണ്‍ഗ്രസ് ശ്രമം. വെറുപ്പും വിദ്വേഷവും വളര്‍ത്തി കസേര ഉറപ്പിക്കാനാണ് രാജ്യം ഭരിക്കുന്നവര്‍ ശ്രമിക്കുന്നത്’- അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ബിബിസി വിഷയത്തില്‍ ഇന്നലെ വീണ്ടും അനില്‍ കെ ആന്റണി വിമര്‍ശനം ഉന്നയിച്ചിരുന്നു. സ്വതന്ത്ര മാധ്യമമെന്ന് കോണ്‍ഗ്രസ് വിശേഷിപ്പിച്ച ബിബിസി ഇന്ത്യയുടെ പരമാധികാരം ചോദ്യം ചെയ്ത് പല തവണ വാര്‍ത്ത നല്‍കിയെന്ന് അനില്‍ ആന്റണി ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശിനെയും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെയും ടാഗ് ചെയ്തായിരുന്നു അനില്‍ ആന്റണിയുടെ ട്വീറ്റ്.