13-ാം നൂറ്റാണ്ടില്‍ നിന്ന് 21-ാം നൂറ്റാണ്ടിലേക്ക് താലിബാനെ കൊണ്ടുവരാന്‍ മുസ്ലീം രാജ്യങ്ങള്‍ സഹായിക്കണം; താലിബാന്‍ ഭരണകൂടത്തിനെതിരെ യുഎന്‍

ന്യൂയോര്‍ക്ക്: സ്ത്രീകളോടുള്ള താലിബാന്റെ സമീപനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഐക്യരാഷ്ട്രസഭ. 13-ാം നൂറ്റാണ്ടില്‍ നിന്ന് 21-ാം നൂറ്റാണ്ടിലേക്ക് താലിബാനെ കൊണ്ടുവരാന്‍ മുസ്ലീം രാജ്യങ്ങള്‍ സഹായിക്കണമെന്ന് യുഎന്നിന്റെ ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ അമീന മുഹമ്മദ് പറഞ്ഞു. താലിബാന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലും അഫ്ഗാനില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായുള്ള താലിബാന്റെ നിലപാടിനെ മാറ്റാന്‍ പരമാവധി ശ്രമിക്കാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്ഥാനില്‍ യുഎന്‍ അംഗങ്ങള്‍ നടത്തിയ സന്ദര്‍ശനത്തിനു ശേഷമാണ് യുഎന്‍ നിലപാട് വ്യക്തമാക്കിയത്.

വസ്ത്രധാരണത്തില്‍ ഇസ്ലാമിക രീതികള്‍ പിന്തുടരുന്നില്ലെന്നാരോപിച്ച് അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളിലെ വനിതാ ജീവനക്കാര്‍ക്ക് താലിബാന്‍ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയത് ഈയിടെയാണ്. ഇതിന് പിന്നാലെ രാജ്യത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ നീക്കം ഗുരുതരമായാണ് ബാധിച്ചത്. നേരത്തെ സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ആറാം ക്ലാസിനപ്പുറം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം വിലക്കുന്നതും സ്ത്രീകളുടെ അവകാശങ്ങള്‍ കവര്‍ന്ന് എടുക്കുന്നത് ജനങ്ങളോടുള്ള ദ്രോഹമാണെന്നും അമീന വ്യക്തമാക്കി. ദേശീയ, രാജ്യാന്തര സര്‍ക്കാരിതര സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതിന് വനിതകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന് യോഗങ്ങളില്‍ താലിബാനോട് ആവശ്യപ്പെട്ടു.

2021 ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ വീണ്ടും അധികാരത്തിലേറിയപ്പോള്‍ സ്ത്രീ സ്വാതന്ത്ര്യത്തിനും കുട്ടികളുടെ അവകാശങ്ങള്‍ക്കും ആകും മുന്‍ഗണനയെന്ന് പറഞ്ഞിരുന്നെങ്കിലും വാഗ്ദാനങ്ങള്‍ വെള്ളത്തില്‍ വരച്ച വര പോലെയായി. അഫ്ഗാനിസ്ഥാനില്‍ പിന്നീട് സ്ത്രീകള്‍ക്ക് വലിയ നിയന്ത്രണങ്ങളാണ് കൊണ്ടുവന്നത്. വനിതാ തൊഴിലാളികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിച്ചും സ്ത്രീകളെയും കുട്ടികളെയും അടിച്ചമര്‍ത്തുന്ന സാഹചര്യമാണുണ്ടായത്. പൊതുവിടങ്ങളില്‍ സ്ത്രീകള്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം മാത്രമേ ധരിക്കാവൂ എന്നും താലിബാന്‍ ഭരണകൂടം ഉത്തരവിട്ടിരുന്നു.