കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാംഘട്ട വിസ്താരത്തിന്റെ ഭാഗമായി മഞ്ജു വാര്യര്‍ അടക്കം 20 സാക്ഷികളെ വിസ്തരിക്കല്‍ ഇന്ന് തുടങ്ങും. മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മ, സാഗര്‍ വിന്‍സെന്റ് എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു.
കേസിലെ 39 സാക്ഷികളില്‍ 27 പേരുടെ വിസ്താരം ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായിരുന്നു. രണ്ടാം ഘട്ടത്തില്‍ 20 പേരെകൂടി വിസ്തരിക്കാനുള്ളവരുടെ പട്ടികയാണ് പ്രോസിക്യൂഷന്‍ കോടതിയ്ക്ക് കൈമാറിയത്. സാക്ഷികള്‍ക്ക് കോടതി നോട്ടീസ് അയക്കുന്ന നടപടികള്‍ ആരംഭിച്ചു.
അതേസമയം, കേസില്‍ തെളിവുനശിപ്പിച്ച മൂന്ന് അഭിഭാഷകരെ കൂടി പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് അതിജീവിത കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ദിലീപിന്റെ ഫോണില്‍നിന്ന് രഹസ്യസന്ദേശങ്ങളും ചിത്രങ്ങളുമടങ്ങുന്ന തെളിവുകള്‍ നശിപ്പിക്കാന്‍ അഭിഭാഷകര്‍ ആവശ്യപ്പെട്ടെന്ന് വ്യക്തമാക്കി ഐ.ടി വിദഗ്ദ്ധന്‍ സായ് ശങ്കര്‍ ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയതിന് പിന്നാലെ ദിലീപിന്റെ അഭിഭാഷകര്‍ തെളിവു നശിപ്പിച്ചെന്ന പരാതിയില്‍ കേസെടുക്കാന്‍ ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചിരുന്നു.

