ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്ര രാഹുല്‍ ഗാന്ധി കാല്‍നടയായി തന്നെ പൂര്‍ത്തിയാക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. സുരക്ഷ ഉറപ്പാക്കുക എന്നത് സേനയുടെ ചുമതലയാണെന്നും സുരക്ഷാ ഏജന്‍സികള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
കശ്മീരിലെത്തിയ ജോഡോ യാത്രക്ക് വലിയ വടങ്ങള്‍ ഉപയോഗിച്ചുള്ള സുരക്ഷയാണ് സേന ഒരുക്കിയിട്ടുള്ളത്. സുരക്ഷാ പ്രശ്നങ്ങളുള്ള ചില സ്ഥലങ്ങളിലൂടെ യാത്ര കടന്നുപോകുന്നുണ്ട്. ഇവിടെ യാത്രയില്‍ പങ്കെടുക്കുന്നവരെ ബസില്‍ കൊണ്ടു പോകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, കനത്ത സുരക്ഷയില്‍ തുടരുന്ന ജോഡോ യാത്ര ഇന്ന് 129-ാം ദിവസത്തിലേക്ക് കടന്നു. ജമ്മു-കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വികാര്‍ റസൂല്‍ വാനി, വര്‍ക്കിങ് പ്രസിഡന്റ് രാമന്‍ ഭല്ല, നൂറുകണക്കിന് വളന്റിയര്‍മാര്‍ എന്നിവര്‍ ത്രിവര്‍ണ പതാകയുമേന്തി രാഹുല്‍ ഗാന്ധിക്കൊപ്പം അണിചേര്‍ന്നു. റോഡിനിരുവശവും കാത്തുനിന്ന ആളുകള്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയത്.

