സംസ്ഥാനത്ത് നഴ്‌സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാനത്ത് 2018-ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഴ്‌സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. നഴ്‌സുമാരുടേയും ആശുപത്രി ഉടമകളുടേയും അഭിപ്രായങ്ങള്‍ ചോദിച്ചറിഞ്ഞതിന് ശേഷം വേതനം പുനഃപരിശോധിക്കുന്നതിനാണ് കോടതി ഉത്തരവ്. ഇതിനായി സര്‍ക്കാരിന് മൂന്ന് മാസത്തെ സാവകാശം നല്‍കിയിട്ടുണ്ട്.

കേരളത്തിലെ വ്യാപക സമരങ്ങളുടേയും പ്രതിഷേധങ്ങളുടേയും പിന്നാലെയാണ് 2018-ല്‍ നഴ്‌സുമാരുടെ മിനിമം വേതനം സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. 50 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ മിനിമം വേതനം 20,000 രൂപയായിട്ടും പരമാവധി 30000 രൂപയായിട്ടുമാണ് അന്ന് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇതിനെതിരെ മാനേജ്‌മെന്റും നഴ്‌സുമാരും കോടതിയില്‍ വ്യത്യസ്ത ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു.

അതിനിടെ, ഇപ്പോള്‍ ലഭിക്കുന്ന ശമ്പളം പര്യാപ്തമല്ലെന്നറിയിച്ച് നഴ്‌സുമാര്‍ വീണ്ടും സമരത്തിനിറങ്ങിയിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ ഒരു നഴ്‌സിന്റെ അടിസ്ഥാന ശമ്പളം 39,300 രൂപയാണെന്നും അതിനാല്‍ സ്വകാര്യ മേഖലയിലെ നഴ്‌സുമാരെ കൂടിഈ കണക്കിലേക്ക് ഉയര്‍ത്തണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം. 2018-ല്‍ ഏകപക്ഷീയമായാണ് സര്‍ക്കാര്‍ മിനിമം വേതനം പ്രഖ്യാപിച്ചതെന്നാണ് മാനേജ്‌മെന്റുകള്‍ ചൂണ്ടിക്കാട്ടിയിരുന്നത്.