വാഷിംഗ്ടൺ: യുഎസ് മാദ്ധ്യമങ്ങളെയും സാമ്പത്തിക മാന്ദ്യം ബാധിച്ചുതുടങ്ങിയതായി റിപ്പോർട്ട്. സിഎൻഎൻ മുതൽ വാഷിങ്ടൺ പോസ്റ്റ് വരെയുള്ള യുഎസ് മാദ്ധ്യമങ്ങളെ സാമ്പത്തിക മാദ്ധ്യം ബാധിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. സാമ്പത്തിക മാന്ദ്യം മൂലം ഈ സ്ഥാപനങ്ങൾ നിരവധി ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
വോക്സ്, ദി വെർജ് തുടങ്ങിയ വെബ്സൈറ്റുകളുടെയും ന്യൂയോർക് മാസികയുടെയും അതിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോം ഉടമയായ വോക്സ് മീഡിയ ഏഴ് ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. വോക്സ് മീഡിയ സിഇഒ ജിം ബാങ്കോയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വോക്‌സ് മീഡിയയുടെ ഉടമസ്ഥതയിലുള്ള ഫുഡ് വെബ്‌സൈറ്റായ ഈറ്ററിലെ ജേണലിസ്റ്റ് മേഗൻ മക്കറോൺ നേരത്തെ തന്നെ പിരിച്ചു വിട്ടതായി അറിയിച്ചിരുന്നു. ഒമ്പത് വർഷത്തിലേറെയായി ഇവർ ഈറ്ററിൽ ജോലി ചെയ്ത് വരികയാണ്. എൻബിസിയിലെ അന്വേഷണാത്മക മാധ്യമപ്രവർത്തക എമിലി സീഗലും തന്നെ പിരിച്ചുവിട്ടെന്ന് അറിയിച്ച് രംഗത്തെത്തിയിരുന്നു.
അതേസമയം, മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ ടെക് ഭീമന്മാരും കടുത്ത സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് നിശ്ചിത ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങിയിട്ടുണ്ട്.

