വിദ്യാര്‍ഥിനിയുടെ നടുവ് എക്സ്റേ മെഷീന്‍ വീണ് ഒടിഞ്ഞ സംഭവം; നടപടിയെടുക്കാന്‍ നിര്‍ദേശവുമായി മന്ത്രി വീണാ ജോര്‍ജ്‌

തിരുവനന്തപുരം: ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ തൊണ്ടയില്‍ മുള്ള് കുടുങ്ങിയതിനാല്‍ ചികിത്സക്ക് എത്തിയ വിദ്യാര്‍ഥിനിയുടെ നടുവ് എക്സ്റേ മെഷീന്‍ തട്ടി ഒടിഞ്ഞെന്ന ആരോപണത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശവുമായി മന്ത്രി വീണാ ജോര്‍ജ് .

വായില്‍ മീന്‍മുള്ള് കുടുങ്ങിയത് ചികിത്സിക്കാന്‍ ആശുപത്രിയില്‍ എത്തിയ ചിറയിന്‍കീഴ് കൂന്തള്ളൂര്‍ മണ്ണുവിളവീട്ടില്‍ ലതയുടെ മകള്‍ ആദിത്യയ്ക്കാണ് നടുവിന് പരിക്കേറ്റത്. ഇ.എന്‍.ടി ഡോക്ടറുടെ നിര്‍ദേശപ്രകാരം എക്‌സ്‌റേ എടുക്കുന്നതിനിടെ മെഷീന്റെ ഒരു ഭാഗം ഇളകി വിദ്യാര്‍ഥിനിയുടെ നടുവിന്റെ ഭാഗത്ത് വീഴുകയായിരുന്നു. തുടര്‍ന്ന് ആദിത്യയെ ആശുപത്രിയിലെ ഓര്‍ത്തോ ഡോക്ടറുടെ അടുത്ത് എത്തിക്കുകയും വീണ്ടും കുട്ടിക്ക് എക്‌സ്‌റേ എടുത്തപ്പോള്‍ നടുവിന്റെറെ ഭാഗത്ത് അസ്ഥിയില്‍ പൊട്ടല്‍ ഉണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു.

അതേസമയം, വീഴ്ച മറയ്ക്കാന്‍ വേണ്ടി ബെല്‍റ്റ് ഇട്ട് വിശ്രമിച്ചാല്‍ മതിയെന്ന് നിര്‍ദേശിച്ച് മരുന്ന് നല്‍കി ഡോക്ടര്‍മാര്‍ കുട്ടിയെ വിട്ടയച്ചതിനെ തുടര്‍ന്ന് ആദിത്യയും മാതാവും മറ്റൊരു ഡോക്ടറെ കാണിച്ചപ്പോഴാണ് കുട്ടിയുടെ നടുവിലെ എല്ലില്‍ പൊട്ടല്‍ കണ്ടെത്തിയത്. ഉടന്‍ മാതാവ് ലത ആശുപത്രി സൂപ്രണ്ടിനെ നേരില്‍ കണ്ട് പരാതി അറിയിച്ചെങ്കിലും എക്‌സറേ വിഭാഗത്തിലെ ജീവനക്കാരെ സംരക്ഷിക്കാനുള്ള ശ്രമം ആണ് നടന്നത് എന്നാണ് ആരോപണം.