ന്യൂഡൽഹി: ബിബിസിക്കെതിരെ 302 പ്രമുഖർ ഒപ്പിട്ട് കത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററിയിലാണ് ബിബിസിക്കെതിരെ പ്രമുഖർ രംഗത്തെത്തിയിട്ടുള്ളത്. റിട്ടയേഡ് ജഡ്ജസും റോ ഉദ്യോഗസ്ഥരും അംബാസിഡർമാരും ഉൾപ്പെടെ 302 പ്രമുഖർ കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.
നമ്മുടെ നേതാവിനൊപ്പം, ഇന്ത്യക്കൊപ്പം ഇപ്പോഴല്ലെങ്കിൽ പിന്നെയില്ല എന്ന തലക്കെട്ടോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. ഡോക്യുമെന്ററിയിലൂടെ വിധികർത്താക്കളെ പോലെയാണ് ബിബിസി പെരുമാറുന്നത്. ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും ഇടയിൽ സ്പർദ്ധയുണ്ടാക്കുകയാണ് അവരെന്ന് കത്തിൽ വിമർശിക്കുന്നു. സ്വതന്ത്ര്യ സമര കാലത്തെ ബ്രിട്ടീഷ് രീതി പോലെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ആശയം രൂപീകരിക്കുകയാണ് അവർ. തരംതാണ തരത്തിൽ ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം, ആരോപണങ്ങൾ പ്രകാരം എന്നിങ്ങനെയല്ലാതെ, വസ്തുതകളല്ല ഡോക്യുമെന്ററി പറയുന്നതെന്നാണ് വിമർശനം.
നീണ്ട കാലത്തെ അന്വേഷണങ്ങൾക്കൊടുവിൽ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ആരോപണങ്ങളെല്ലാം സുപ്രീംകോടതി തള്ളിയതാണ്. എന്നാൽ, തെറ്റായ പ്രചാരണങ്ങളിലൂടെ വീണ്ടും രാഷ്ട്രീയ വിവാദം ഉണ്ടാക്കാനാണ് ഡോക്യുമെന്ററി ശ്രമിച്ചത്. ഡോക്യുമെന്ററി സാധാരണ വിമർശനങ്ങളല്ലെന്നും അത് ആവിഷ്‌കാര സ്വതന്ത്ര്യവുമല്ലെന്നും മറിച്ച് പ്രേരിതമായ കുറ്റപത്രമാണെന്നും പ്രമുഖർ ഒപ്പിട്ട കത്ത് ചൂണ്ടിക്കാട്ടുന്നു.
രാജ്യം തെരഞ്ഞെടുത്ത പ്രധാനമന്ത്രിക്കെതിരായ ഇത്തരം നീക്കങ്ങൾക്കെതിരെ എല്ലാവരും പ്രതികരിക്കണമെന്നും എല്ലാവരും പരാതിയിൽ ഒപ്പുവയ്ക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ബിബിസി ഡോക്യുമെന്ററിയുടെ ലിങ്കുകൾ ഇന്ത്യയിൽ പങ്കുവയ്ക്കുന്നതിന് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയിരുന്നു.

