തിരുവനന്തപുരം: പുതുവർഷത്തിലെ ആദ്യ നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും. സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു. സർക്കാരും ഗവർണറും തമ്മിൽ തർക്കങ്ങൾ നിലനിൽക്കവെയാണ് നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം ലഭിച്ചത്. കഴിഞ്ഞദിവസം മന്ത്രിസഭ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിനു അംഗീകാരം നൽകിയിരുന്നു.
മാറ്റങ്ങളില്ലാതെയാണ് പ്രസംഗത്തിന്റെ പകർപ്പ് ഗവർണർ സർക്കാരിനു തിരിച്ചയച്ചത്. കേന്ദ്ര സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ പ്രസംഗത്തിലുണ്ടെങ്കിലും അവ പരമാവധി മയപ്പെടുത്തിയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സഹായം വെട്ടിക്കുറച്ചത് സംബന്ധിച്ചാണ് കേന്ദ്ര സർക്കാരിനെതിരെ ഉന്നയിച്ചിട്ടുള്ള പ്രധാന വിമർശനം.
ജനുവരി 23നാണ് പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ആരംഭിക്കുന്നത്. ജനുവരി 25ന് ഗവർണറുടെ പ്രസംഗത്തിനു നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിൻമേലുള്ള ചർച്ച നടക്കും. ഫെബ്രുവരി മൂന്നിന് ബജറ്റ് അവതരണവും 6 മുതൽ 8 വരെ ബജറ്റിനെക്കുറിച്ചുള്ള ചർച്ചയും നടക്കും. ഫെബ്രുവരി 9ന് ബജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യർഥനകളെ സംബന്ധിക്കുന്ന ചർച്ചയും വോട്ടെടുപ്പും നടക്കും. മാർച്ച് 30 വരെ സഭ ചേരാനാണ് നിലവിലെ തീരുമാനം.

