ജോഷിമഠിലുണ്ടായ അപകടത്തില്‍ മലയാളി വൈദികന്‍ മരിച്ചു

ന്യൂഡല്‍ഹി: ജോഷിമഠിലെ ദുരിതബാധിത മേഖലകളില്‍ ഭക്ഷണം എത്തിച്ച് മടങ്ങുന്നതിനിടെ ഇന്നലെ വൈകിട്ടുണ്ടായ അപകടത്തില്‍ മലയാളി വൈദികന്‍ മരിച്ചു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി മെല്‍വിന്‍ പി എബ്രഹാമാണ് മരിച്ചത്. അപകടത്തില്‍ മെല്‍വിന്‍ മരണപ്പെട്ടെന്ന വിവരമാണ് വീട്ടുകാര്‍ക്ക് ലഭിച്ചിരിക്കുന്നത്.

ബിജിനൂര്‍ രൂപതയുടെ പ്രതിനിധി എന്ന നിലയില്‍ ജോഷിമഠിലെ ദുരിതബാധിത മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു മെല്‍വിന്‍. പ്രദേശത്തെ മണ്ണിടിച്ചല്‍ സംബന്ധിച്ചുള്ള വീഡിയോകള്‍ അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. രണ്ട് വൈദികര്‍ക്കൊപ്പം ദുരിതമേഖലയില്‍ എത്തി ഭക്ഷണം വിതരണം ചെയ്തു മടങ്ങുന്നതിനിടെ വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് സൈന്യം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് മെല്‍വിന്റെ മൃതദേഹം പുറത്തെത്തിച്ചത്. നിലവില്‍ ഋഷികേഷില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ അവിടേക്ക് പുറപ്പെട്ടിട്ടുണ്ട്. മെല്‍വിനൊപ്പം കാറിലുണ്ടായിരുന്ന മറ്റു രണ്ട് വൈദികര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടുവെന്നാണ് വിവരം.