റിയാദ്: സൗഹൃദ ഫുട്ബാള്‍ പോരാട്ടത്തില്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡോ നയിച്ച റിയാദ് ഓള്‍സ്റ്റാര്‍ ഇലവനെതിരെ മെസിയും നെയ്മറും എംബാപ്പെയും അണിനിരന്ന പി.എസ്.ജിക്ക് ജയം.
റിയാദിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് പി.എസ്.ജി ജയിച്ചത്. പി.എസ്.ജിക്കായി മെസി, എംബാപ്പെ, റാമോസ്, മാര്‍ക്വിഞ്ഞോസ്,എകിറ്റികെ എന്നിവര്‍ ഗോളുകള്‍ നേടി. റിയാദ് ടീമിനായി റൊണാള്‍ഡോ രണ്ട് ഗോളുമായി തിളങ്ങിയപ്പോള്‍ ജംഗ് ഹ്യൂന് സൂ, ടാലിസ്ക എന്നിവര്‍ ഓരോ തവണ ലക്ഷ്യം കണ്ടു.
റൊണാള്‍ഡോയാണ് കളിയിലെ താരം. സൗദിയില്‍ റൊണാള്‍ഡോയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. പി.എസ്.ജിയുയെ ബെര്‍നറ്റ് ചുവപ്പ് കാര്‍ഡ് കണ്ട് 39-ാം മിനിട്ടില്‍ പുറത്തായതിനാല്‍ പത്തു പേരുമായാണ് പി.എസ്.ജി മത്സരം പൂര്‍ത്തിയാക്കിയത്. ഒന്നാംപകുതിയുടെ അധിക സമയത്ത് ലഭിച്ച പെനാല്‍റ്റി നെയ്മര്‍ നഷ്ടപ്പെടുത്തി.

