എസ്.എം.എ. രോഗികളുടെ സ്‌പൈന്‍ സര്‍ജറി; തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ പ്രത്യേക ടീം

തിരുവനന്തപുരം: എസ്.എം.എ. ബാധിച്ച കുട്ടികൾക്ക് സ്‌പൈൻ സ്‌കോളിയോസിസ് സർജറിയ്ക്കായി സർക്കാർ മേഖലയിൽ ആദ്യമായി സംവിധാനം ഏർപ്പെടുത്തും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ഓർത്തോപീഡിക് വിഭാഗത്തിൽ ഇതിനായി പ്രത്യേക സംവിധാമൊരുക്കും. ഓപ്പറേഷൻ ടേബിൾ ഉൾപ്പെടെ സജ്ജമാക്കും. സ്വകാര്യ ആശുപത്രികളിൽ 15ലക്ഷത്തോളം രൂപ ചെലവുവരുന്ന സർജറിയാണ് മെഡിക്കൽ കോളേജിൽ സർക്കാർ പദ്ധതിയിലൂടെ സൗജന്യമായി ചെയ്തുകൊടുക്കുകയെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എസ്.എം.എ. ബാധിച്ച കുട്ടികൾക്കായി സ്‌പൈൻ സ്‌കോളിയോസിസ് സർജറി ആരംഭിക്കുന്നതിനായി മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു. നട്ടെല്ലിന്റെ വളവ് സർജറിയിലൂടെ നേരെയാക്കുന്നതാണ് സ്‌പൈൻ സ്‌കോളിയോസിസ് സർജറി. എട്ട് മുതൽ 12 മണിക്കൂർ സമയമെടുക്കുന്ന സങ്കീർണ ശസ്ത്രക്രിയയാണിത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിലവിൽ 300 ഓളം സ്‌പൈൻ സ്‌കോളിയോസിസ് സർജറികൾ നടത്തിയതിന്റെ അനുഭവ പരിചയവുമായാണ് പുതിയ സംരംഭത്തിലേക്ക് കടക്കുന്നത്. എൻ.എച്ച്.എം. വഴി അനസ്തീഷ്യ ഡോക്ടറുടെ സേവനം ഇതിനായി ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

എസ്.എം.എ. രോഗികളുടെ ചികിത്സയ്ക്കായി സർക്കാർ മേഖലയിൽ ആദ്യമായി ഈ സർക്കാർ എസ്.എം.എ. ക്ലിനിക് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ ആരംഭിച്ചു. എസ്.എ.ടി. ആശുപത്രിയെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അപൂർവ രോഗങ്ങൾക്ക് വേണ്ടിയുള്ള സെന്റർ ഓഫ് എക്സലൻസ് പട്ടികയിൽ അടുത്തിടെ ഉൾപ്പെടുത്തി. ഇതുകൂടാതെയാണ് എസ്.എം.എ. ബാധിച്ച കുട്ടികൾക്ക് സ്‌പൈൻ സ്‌കോളിയോസിസ് സർജറിയ്ക്ക് പുതിയ സംവിധാനം വരുന്നതെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.