ചതിയുടെ ദിനമാണ് ഇത്: കാലം ഇതിനൊക്കെ മറുപടി പറയുമെന്ന് ബിനു പുളിക്കക്കണ്ടം

പാലാ: പാലാ നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പിൽ തനിക്കുള്ള പ്രതിഷേധം പ്രകടിപ്പിച്ച് ബിനു പുളിക്കക്കണ്ടം. ചതിയുടെ ദിനമാണ് ഇതെന്നും കാലം ഇതിനൊക്കെ മറുപടി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. കറുത്ത് വസ്ത്രം ധരിച്ച് നഗരസഭയിലെത്തിയാണ് അദ്ദേഹം തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

ഇവിടെ സൃഷ്ടിച്ചിരിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണ്. ഇക്കാര്യം പറയാതിരിക്കാൻ കഴിയില്ല. ഇവിടെ സ്ഥാനങ്ങൾക്ക് വേണ്ടി നെട്ടോട്ടമോടുന്ന തന്റെ പ്രിയപ്പെട്ട കൗൺസിലർമാരുണ്ട്. അവർ നാളെകളിൽ ഈ സ്ഥാനത്തേക്ക് വരുമ്പോൾ സിപിഎം എന്ന പ്രസ്ഥാനം അവർ വരണ്ട എന്നൊരു നിലപാടെടുത്താൽ അത് ഉൾക്കൊള്ളാൻ ഇവർക്കാകുമോയെന്ന് അദ്ദേഹം ചോദിച്ചു. മാണി സാറിന്റെ മരണശേഷം ഇവിടെ മകൻ മത്സരിച്ചപ്പോൾ പരാജയപ്പെട്ടു. അതിനാൽ ഇനി നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ് ടോം വേണോ ജോസ് കെ. മാണി വേണോ അതോ നാടിനെ അറിയുന്ന റോഷി അഗസ്റ്റിനിലൂടെ ഈ മണ്ഡലം തിരിച്ചു പിടിക്കണോ എന്ന് ചർച്ച നടക്കുമ്പോൾ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അതിൽ അഭിപ്രായം പറഞ്ഞാൽ ഈ നേതാവിന് എന്ത് പറയാനുണ്ടാകുമെന്നും അദ്ദേഹം ചോദിക്കുന്നു.

തനിക്ക് ഒരു മോഹഭംഗവുമില്ല. അത് വെറും തെറ്റിദ്ധാരണ മാത്രമാണ്. വ്യക്തിപൂജയുള്ള പാർട്ടിയല്ല സിപിഎം. ഒരു തറവാടിനെ കേന്ദ്രീകരിച്ച് ഭരണം നടത്തുന്ന കിണറ്റിലെ തവളകളല്ല തങ്ങളുടെ പാർട്ടി. കൂടുതൽ കാര്യങ്ങൾ അത് പറയേണ്ട സാഹചര്യത്തിൽ പറയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോസിൻ ബിനോയ്ക്ക് അദ്ദേഹം ആശംസകൾ അറിയിക്കുകയും ചെയ്തു.