കൊല്ലം: സിപിഎമ്മിനും ബിജെപിക്കുമെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎമ്മും സംഘപരിവാറും തമ്മിലുള്ള ബന്ധം കൂടുതൽ ഊട്ടി ഉറപ്പിക്കാനുള്ള ലെയ്‌സൺ ഓഫീസറായാണ് കെ വി തോമസിനെ ഡൽഹിയിൽ നിയമിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് വിട്ട ശേഷം കെ വി തോമസ് നടത്തിയ ഡൽഹി, ബെംഗളുരു യാത്രകൾ പരിശോധിച്ചാൽ കെ വി തോമസിന്റെ സംഘ പരിവാർ ബന്ധം വ്യക്തമാകും. സംസ്ഥാനം അതിന്റെ ചരിത്രത്തിലെ ഏറ്റവും പരിതാപകരമായ ധനസ്ഥിതിയിലൂടെ പോകുമ്പോൾ ഈ നിയമനം എന്തിന് വേണ്ടിയാണെന്ന് അദ്ദേഹം ചോദിച്ചു. സർക്കാർ ഇതിലൂടെ നൽകുന്ന സന്ദേശം എന്താണെന്നും വി ഡി സതീശൻ ചോദിക്കുന്നു.
പല കാര്യങ്ങളും ഒത്തുതീർപ്പിലെത്തിക്കാനും അവിഹിതമായ ബന്ധങ്ങൾ നിലനിർത്താനുമുള്ള ഔദ്യോഗിക ഇടനിലക്കാരനായാണ് തോമസിനെ നിയമിച്ചിരിക്കുന്നത്. ഡൽഹിയിൽ ഇപ്പോൾ തന്നെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി മുൻ ഐ എഫ് എസ് ഉദ്യോഗസ്ഥൻ വേണു രാജാമണിയുണ്ട്. റസിഡൻഷ്യൽ കമ്മിഷണറായി സൗരവ് ജെയ്ൻ എന്ന ഐഎഎസുകാരന്റെ നേതൃത്വത്തിൽ ഓഫീസും പ്രവർത്തിക്കുന്നുണ്ട്. കേരള ഹൗസിലും കൺട്രോളറുടെ നേതൃത്വത്തിലും പ്രത്യേക ഓഫീസുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് കൂടാതെ കേരള സർക്കാരിന് ഡൽഹിയിൽ നിയമ വിഭാഗവും ഇൻഫർമേഷൻ ഓഫീസും ടൂറിസം ഇൻഫർമേഷൻ ഓഫീസും നോർക്കയുടെ ഓഫീസും കെ എസ് ഇ ബി ഓഫീസുമുണ്ട്. എന്നിട്ടും എന്തിന് വേണ്ടിയാണ് ഇങ്ങനെയൊരു നിയമനം. നേരത്തെ മുൻ എം പി സമ്പത്തിനെ നിയമിച്ചപ്പോൾ സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക ബാധ്യത എല്ലാവർക്കും ഓർമ്മയുണ്ട്. സമ്പത്തിൽ നിന്നും എന്ത് പ്രയോജനമാണ് കേരളത്തിനുണ്ടായത്. യുവജന കമ്മിഷന്റെ ശമ്പളം മുൻകാല പ്രാബല്യത്തോടെ സർക്കാർ ഇരട്ടിയാക്കിയിട്ടും സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്ന സഹകരണ ബാങ്കുകളിലെ ഡി വൈ എഫ് ഐ പ്രവർത്തകർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ശമ്പളം മുൻകാല പ്രാബല്യത്തോടെ വെട്ടിച്ചുരുക്കി. സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ കെ വി തോമസിന്റെ നിയമനത്തിലൂടെ സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യതയാണ് സർക്കാർ വരുത്തി വച്ചിരിക്കുന്നതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

