ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് മുന്‍ എംപി മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. വധശ്രമകേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നാണ് മുഹമ്മദ് ഫൈസലിന് എംപി സ്ഥാനം നഷ്ടപ്പെട്ടത്. ശേഷം ഇന്നലെയാണ് ത്രിപുരയടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനവേളയില്‍ ലക്ഷദ്വീപിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
അതേസമയം, മുന്‍ എംപിയുടെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചാല്‍ മുഹമ്മദ് ഫൈസലിന്റെ അയോഗ്യത ഇല്ലാതാകും. വധശ്രമക്കേസില്‍ 10 വര്‍ഷം ശിക്ഷിച്ചതിനാലാണ് ചട്ടപ്രകാരം ലോക്‌സഭാ സെക്രട്ടറി, എംപിയായ മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്. എന്നാല്‍ സെഷന്‍ കോടതിക്ക് മുകളിലുള്ള മേല്‍ക്കോടതികള്‍ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യുകയാണെങ്കില്‍ അയോഗ്യത ഇല്ലാതാകും.
ശിക്ഷ റദ്ദാക്കണമെന്നതും, ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത് ജാമ്യത്തില്‍ വിടണമെന്നുമുള്ള കവരത്തി കോടതിയുടെ ശിക്ഷാവിധി ചോദ്യം ചെയ്ത് മുഹമ്മദ് ഫൈസലിന്റെ രണ്ട് ഹര്‍ജികള്‍ നിലവില്‍ ഹൈക്കോടതിയ്ക്ക് മുന്നിലുണ്ട്. ജയില്‍ മോചിതനാക്കണമെന്ന ആവശ്യത്തില്‍ വെള്ളിയാഴ്ച കോടതി വിധി പറയും. എന്നാല്‍ ഇത് കൊണ്ട് കൊണ്ട് അയോഗ്യത മാറില്ല. പിന്നാലെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിലും വാദം നടത്താനാണ് തീരുമാനം. അനുകൂല വിധി വന്നാല്‍ മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ ഉത്തരവ് ഇല്ലാതാവുകയും തെരഞ്ഞെടുപ്പ് ഇല്ലാതാവുകയും ചെയ്യും.

