ശബരിമലയിൽ ഇത്തവണ ദേവസ്വം ബോർഡിന് ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം; എണ്ണി തീർക്കാൻ കഴിയാതെ നാണയങ്ങൾ

ശബരിമല: ശബരിമലയിൽ ഇത്തവണ ദേവസ്വം ബോർഡിന് ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം. എണ്ണിത്തീർക്കാൻ കഴിയാതെ ഭണ്ഡാരത്തിൽ നാണയങ്ങൾ കുമിഞ്ഞു കൂടിയ അവസ്ഥയായിരുന്നു ഇത്തവണ ശബരിമലയിലേത്. ഭണ്ഡാരം കെട്ടിടത്തിന്റെ 3 ഭാഗത്തായി നാണയങ്ങൾ മല പോലെ കൂട്ടിയിട്ടിരിക്കുകയാണ്. മണ്ഡല കാലം മുതലുള്ള നാണയങ്ങൾ ഇതിലുണ്ട്. 310.40 കോടി രൂപയായിരുന്നു കഴിഞ്ഞ 12 വരെയുള്ള കണക്കു പ്രകാരം ശബരിമലയിൽ ലഭിച്ച വരുമാനം.

13,14,15 തീയതികളിലാണ് ഏറ്റവും കൂടുതൽ തീർത്ഥാടകർ ശബരിമലയിൽ എത്തിയത്. ഈ തീയതികളിലെ കാണിക്കയിലെ നോട്ടുകളാണ് ഇപ്പോൾ എണ്ണുന്നത്. നോട്ട് എണ്ണുന്നതിന് ധനലക്ഷ്മി ബാങ്ക് 6 ചെറിയ യന്ത്രങ്ങളും ഒരു വലിയ യന്ത്രവും എത്തിച്ചിട്ടുണ്ട്. അന്നദാന മണ്ഡപത്തിലെ ഒരു മുറിയിൽ കൂടി ഇന്നലെ കാണിക്ക എണ്ണൽ തുടങ്ങി. തീർത്ഥാടകരുടെ തിരക്ക് കുറഞ്ഞതോടെ എരുമേലി , നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ നിന്ന് 60 ജീവനക്കാരെ പുതിയതായി എത്തിച്ചാണ് കാണിയ്ക്ക എത്തുന്നത്.

അതേസമയം, നാണയങ്ങൾ എണ്ണി എടുക്കണോ അതോ തൂക്കി എടുക്കണോയെന്ന ആശയക്കുഴപ്പത്തിലാണ് ദേവസ്വം ഉദ്യോഗസ്ഥർ. ഒരേ മൂല്യമുള്ള നാണയങ്ങൾ പലതരത്തിലുണ്ട്. ഭാരം കൂടിയതും കുറഞ്ഞതുമായ നാണയങ്ങൾ ഉണ്ട്. അതിനാൽ തൂക്കി എടുക്കുന്നത് ദേവസ്വം ബോർഡിനു നഷ്ടം ഉണ്ടാക്കുമെന്നാണ് വിജിലൻസ് റിപ്പോർട്ട്.