നിയമസഭാ കയ്യാങ്കളി കേസ്; തെളിവായി ഹാജരാക്കിയ ഡിവിഡികളുടെ പകർപ്പ് പ്രതികൾക്ക് നൽകാൻ ഉത്തരവിട്ട് കോടതി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ തെളിവായി ഹാജരാക്കിയ ഡിവിഡികളുടെ പകർപ്പ് പ്രതികൾക്ക് നൽകാൻ ഉത്തരവിട്ട് കോടതി. 20 ഡിവിഡികളുടെ പകർപ്പുകൾ പ്രതികൾക്ക് നൽകണമെന്നാണ് തലസ്ഥാന വിചാരണ കോടതി ഉത്തരവിട്ടിരിക്കുന്നത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ വിദ്യാധരനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രതികൾക്ക് നൽകാനുള്ള ഡിവിഡി പകർപ്പുകൾ ഹാജരാക്കണമെന്ന ഉത്തരവ് പ്രകാരമാണ് എഫ് എസ് എൽ അധികൃതർ ഡിവിഡി പകർപ്പുകൾ ഹാജരാക്കിയത്. റെക്കോർഡുകൾ ഒത്തു നോക്കുന്നതിനായി കേസ് ഫെബ്രുവരി 16ലേക്ക് മാറ്റുകയും ചെയ്തു.

അതേസമയം കേസിലെ മൂന്നാം പ്രതി ഇ പി ജയരാജന്റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് രണ്ടു വർഷത്തേക്ക് പുതുക്കി നൽകാനും കോടതി അനുമതി നൽകി. കണ്ണൂർ പാസ്പോർട്ട് അധികൃതർക്കാണ് കോടതി ഇത് സംബന്ധിച്ച അനുമതി നൽകിയത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായതിനാൽ പാർട്ടി തീരുമാനിക്കുന്നത് പ്രകാരം വിദേശരാജ്യങ്ങളിൽ പോയി വരാനുള്ളതിനാൽ കോടതിയുടെ നിരാക്ഷേപ പത്രം വേണമെന്ന് ആവശ്യപ്പെട്ട് ഇ പി ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി.