തിരുവനന്തപുരം: വയനാട്ടിൽ കടുവ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവത്തിൽ ചികിത്സ വീഴ്ച ഉണ്ടെന്ന ആരോപണത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോപണം സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ചികിത്സാ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലും ആരോഗ്യവകുപ്പിലും ഉള്ള ഡോക്ടർമാർ ആശുപത്രിയിൽ ഉണ്ട്. ഇതിൽ ഏത് വിഭാഗത്തിനാണ് വീഴ്ച പറ്റിയത് എന്ന് കണ്ടെത്തും. വയനാട്ടിൽ ചികിത്സാ സൗകര്യം കൂട്ടുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്നും വീണാ ജോർജ് മാദ്ധ്യമങ്ങളെ അറിയിച്ചു.
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന് ചികിത്സ നൽകുന്നതിൽ വയനാട് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിക്ക് വിഴ്ചയുണ്ടായെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. മെഡിക്കൽ കോളജ് ആശുപത്രിയിൽ മികച്ച ചികിൽസ നൽകാൻ വിദഗ്ധ ഡോക്ടറോ നഴ്‌സോ ഉണ്ടായിരുന്നില്ല. മികച്ച ചികിത്സ കിട്ടിയില്ലെന്നും ആംബുലൻസ് അനുവദിച്ചതിലും വീഴ്ചയുണ്ടായെന്നും കുടുംബം പറഞ്ഞിരുന്നു.

