ആര്യങ്കാവിൽ നിന്നും പിടികൂടിയ പാലിൽ ഹൈഡ്രജൻ പെറോക്‌സൈഡ് സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്; നിലപാടിൽ ഉറച്ച് മന്ത്രി ജെ ചിഞ്ചുറാണി

കൊല്ലം: ആര്യങ്കാവിൽ നിന്നും പിടികൂടിയ പാലിൽ ഹൈഡ്രജൻ പെറോക്‌സൈഡ് സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ടെന്ന നിലപാടിൽ ഉറച്ച് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. പാൽ പിടിച്ചെടുത്ത ദിവസം ക്ഷീരവികസന വകുപ്പ് നടത്തിയ പരിശോധനയിൽ ഹൈഡ്രജൻ പെറോക്‌സൈഡിന്റെ അംശം കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

തന്റെ കൈവശം ഉണ്ട് അതിന്റെ റിപ്പോർട്ട് ഉണ്ടെന്നും മന്ത്രി പറഞ്ഞു. പാലിൽ ഹൈഡ്രജൻ പെറോക്‌സൈഡിന്റെ അംശം ആറ് മണിക്കൂർ മാത്രമേ ഉണ്ടാകൂ അതിന് ശേഷം അത് ഓക്‌സിജൻ ആയി മാറും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശാധന വൈകിയതാണോ റിപ്പോർട്ടിൽ ഉണ്ടായ അന്തരത്തിന് കാരണമെന്ന് പരിശോധിക്കണമെന്ന് ചിഞ്ചുറാണി ആവശ്യപ്പെട്ടു.

നിലവിൽ നടക്കുന്ന ചർച്ചകളിൽ മറുപടി നൽകേണ്ടത് ഭക്ഷ്യസുരക്ഷാ വകുപ്പാണ്. ഭാവിയിൽ വിവാദങ്ങൾ ഒഴിവാക്കാനായി ഇത്തരം പ്രശ്‌നങ്ങളിൽ നടപടിയെടുക്കാനുള്ള അധികാരം ക്ഷീരവികസന വകുപ്പിന് കൂടി നൽകണമെന്ന് ആവശ്യപ്പെടും. വിഷയത്തിൽ ഉടൻ തന്നെ ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകും. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിൽ മാറ്റങ്ങൾ വരുത്തി അധികാരങ്ങൾ ക്ഷീരവികസന വകുപ്പിന് കൂടി നൽകുകയാണെങ്കിൽ സന്തോഷത്തോടെ ഏറ്റെടുക്കുമെന്നും മന്ത്രി മാദ്ധ്യമങ്ങളെ അറിയിച്ചു.

മായം കലർത്തിയ പാൽ അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തിക്കുന്നുവെന്ന് ക്ഷിര വികസന വകുപ്പിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്നാണ് ക്ഷീരവികസന വകുപ്പ് നടത്തിയ പരിശോധനയിൽ ഏഴര ലക്ഷം രൂപ വിലവരുന്ന 15300 ലിറ്റർ പാലുമായി വന്ന ലോറി പിടിച്ചെടുത്തു. ക്ഷീരവികസന വകുപ്പിന്റെ പരിശോധനയിൽ പാലിൽ ഹൈഡ്രജൻ പെറോക്‌സൈഡിന്റെ അംശം രേഖപ്പെടുത്തിയിരുന്നു. പിന്നീട് ഭക്ഷ്യ സുരക്ഷാ വകുപ്പും പാലിന്റെ പരിശോധന നടത്തി. എന്നാൽ, ഈ പരിശോധനയിൽ ഹൈഡ്രാജൻ പെറോക്‌സൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്താൻ കഴിഞ്ഞില്ല. പാലിൽ കൊഴുപ്പിന്റെ കുറവ് മാത്രമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ തെളിഞ്ഞത്.