മകരജ്യോതി തൊഴുത് ലക്ഷങ്ങള്‍; ഭക്തര്‍ക്ക് 19 വരെ ദര്‍ശന സൗകര്യം; 20ന് നട അടക്കും

ശബരിമല: ഇന്നലെ ശബരിമലയിലെ ശ്രീകോവിലില്‍ തിരുവാഭരണ വിഭൂഷിതനായ ശബരീശന് ദീപാരാധന നടന്ന ശേഷം, സന്ധ്യക്ക് 6.46നാണ് കിഴക്ക് പൊന്നമ്പല മേട്ടില്‍ മകരജ്യോതി തെളിഞ്ഞത്. തിരുവാഭരണ ഘോഷയാത്ര വൈകിട്ടോടെയാണ് സോപാനത്തിലെത്തിയത്.

നട തുറക്കുന്നതിന് മുമ്പ് തന്നെ തീര്‍ഥാടകര്‍ സന്നിധാനത്തും പരിസരത്തും നിറഞ്ഞിരുന്നു. ഉച്ചക്ക് വലിയാനവട്ടത്തു കൊണ്ടുവന്ന തിരുവാഭരണങ്ങളഅ# ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് ശരംകുത്തിയിലെത്തിച്ചത്. പതിനെട്ടാംപടി കടന്നെത്തിയ തിരുവാഭരണം മന്ത്രി കെ. രാധാകൃഷ്ണന്റെയും ദേവസ്വം ബോര്‍ഡ് അധികൃതരുടെയും നേതൃത്വത്തിലാണ് സ്വീകരിച്ചത്. കൊടിപ്പെട്ടിയും കലശക്കുടവും മാളികപ്പുറത്തേക്കും കൊണ്ടുപോയി. സോപാനത്തു നിന്ന് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങിയ തിരുവാഭരണങ്ങള്‍ ശ്രീകോവിലിലേക്കും കൊണ്ടുപോയി. ശേഷമാണ് വിഗ്രഹത്തില്‍ ചാര്‍ത്തി ദാപാരാധന നടന്നത്. മകരവിളക്ക് തെളിഞ്ഞതിന് ശേഷം 8.30ന് മകരസംക്രമ പൂജക്ക് തുടക്കമായി. രാത്രി പത്തുമണിയോടെയാണ് മണിമണ്ഡപത്തില്‍ നിന്നുള്ള അയ്യപ്പന്റെ എഴുന്നള്ളത്ത് ആരംഭിച്ചത്. രാത്രി 11 മണിക്ക് ഹരിവരാസനം പാടി മട അടച്ചപ്പോഴും തീര്‍ഥാടകര്‍ എത്തിക്കൊണ്ടേയിരുന്നു.

അതേസമയം, സന്നിധാനത്തും പരിസരത്തും ഒരു ലക്ഷത്തിലേറെ പേര്‍ തടിച്ചുകൂടിയിരുന്നു. 17ന് രാത്രി വരെ തിരുവാഭരണം ചാര്‍ത്തിയുള്ള ദര്‍ശനം ലഭിക്കും. 18ന് കളഭാഭിഷേകം. 19ന് രാത്രി ഗുരുതി. തീര്‍ഥാടകര്‍ക്ക് 19 വരെയാണ് ദര്‍ശന സൗകര്യം. 20ന് രാവിലെ 6.30ന് നട അടക്കുന്നതോടെ ഇത്തവണത്തെ തീര്‍ഥാടനത്തിന് സമാപനമാകും.