ബീജിങ്: കോവിഡ് മരണ നിരക്ക് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ട് ചൈന. ഒരു മാസത്തിനിടെ അറുപതിനായിരത്തോളം കോവിഡ് അനുബന്ധ മരണങ്ങളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 59,938 കോവിഡ് അനുബന്ധ മരണങ്ങളാണ് ഒരു മാസത്തിനിടെ ചൈനയിൽ റിപ്പോർട്ട് ചെയ്തതെന്ന് നാഷണൽ ഹെൽത്ത് മിഷനു കീഴിലുള്ള മെഡിക്കൽ അഡ്മിനിസ്ട്രേഷൻ ബ്യൂറോയുടെ മേധാവിയായ ജിയാവോ യഹുയി വ്യക്തമാക്കി. 2022 ഡിസംബർ എട്ടു മുതൽ ഈവർഷം ജനുവരി 12 വരെയുള്ള കണക്കാണ് ചൈന പുറത്തു വിട്ടിരിക്കുന്നത്.
നിലവിൽ പുറത്തുവിട്ടിരിക്കുന്ന മരണ സംഖ്യയിൽ 5,503 മരണങ്ങൾ വൈറസ് മൂലമുള്ള ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്നാണെന്നും ജിയാവോ ചൂണ്ടിക്കാട്ടി. 54,435 പേർ മരണപ്പെട്ടത്, കാൻസർ, ഹൃദ്രോഗസംബന്ധമായ രോഗങ്ങൾ തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു പിന്നാലെ കോവിഡ് വന്നതിനെ തുടർന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചൈനയ്ക്കെതിരെ ലോകാരോഗ്യസംഘടന കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കൃത്യമായ രോഗ-മരണനിരക്കുകൾ റിപ്പോർട്ട് ചെയ്യാത്തതിന്റെ പേരിലായിരുന്നു വിമർശനം. കോവിഡ് കണക്കുകൾ മറച്ചുവെച്ചിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയുമായി ചൈനീസ് ശാസ്ത്രജ്ഞർ ചർച്ചകൾ നടത്തുകയാണെന്നുമാണ് ബീജിങ് എംബസിയുടെ വക്താവായ ലിയു പെങ്ക്യു ഇതിന് മറുപടി നൽകിയത്.

