ഈ കോട്ട് എന്തായാലും അദ്ദേഹത്തിന് ഇണങ്ങും; ശശി തരൂരിന് പിന്തുണയുമായി കെ എസ് ശബരീനാഥൻ

തിരുവനന്തപുരം: ശശി തരൂരിനെ പിന്തുണച്ച് മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് നേതാവുമായ കെ എസ് ശബരീനാഥൻ. മുഖ്യമന്ത്രി പദത്തെ ചൊല്ലിയുണ്ടായ വിവദത്തിന് പിന്നാലെയാണ് അദ്ദേഹം തരൂരിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത്. ഈ കോട്ട് എന്തായാലും അദ്ദേഹത്തിന് ഇണങ്ങുമെന്ന് തരൂരിന്റെ ചിത്രം പങ്കുവെച്ച് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഒരു സ്വകാര്യ ചാനലിന്റെ വാർത്താ താരത്തിനുള്ള പുരസ്‌കാര ജേതാവായ ഡോ ശശി തരൂരിനെ അഭിനന്ദിച്ചുള്ള പോസ്റ്റിലാണ് ശബരീനാഥന്റെ പ്രതികരണം. നേരത്തെ എഐസിസി അധ്യക്ഷ പദവിയിലേക്ക് തരൂർ മത്സരിച്ചപ്പോഴും പരസ്യപിന്തുണയുമായി ശബരീനാഥൻ രംഗത്തെത്തിയിരുന്നു. അതേസമയം, ശശി തരൂരിന് പിന്തുണയുമായി കോൺഗ്രസ് എം പി കെ മുരളീധരനും രംഗത്തെത്തിയിരുന്നു.

കോൺഗ്രസിന്റെ നേതാവും എം.പിയുമാണ് ശശി തരൂരെന്നും പാർട്ടിയിൽ ആർക്കും സജീവമായി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നുമാണ് കെ മുരളീധരൻ പറഞ്ഞത്. ശശി തരൂരിന് പാർട്ടി പരിപാടികളിലോ പൊതുപരിപാടികളിലോ പങ്കെടുക്കുന്നതിന് യാതൊരു വിലക്കുമില്ല. പാർട്ടി പരിപാടിയിൽ പങ്കെടുക്കുമ്പോൾ ഡിസിസിയെ അറിയിക്കണം എന്ന നിർദേശം തനിക്കുൾപ്പെടെ എല്ലാവർക്കും കൊടുത്തിട്ടുണ്ട്. അതിൽക്കൂടുതൽ ഒന്നുമില്ല. ഒരു നിയന്ത്രണവുമില്ല. അദ്ദേഹം ഇപ്പോൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ടല്ലോയെന്നും പിന്നെന്താ കുഴപ്പമെന്നും അദ്ദേഹം ചോദിച്ചിരുന്നു.