വാട്ടര്‍ അതോറിറ്റിക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കുടിശ്ശികയയി നല്‍കാനുള്ളത് 228 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ബില്ലിനത്തില്‍ വാട്ടര്‍ അതോറിറ്റിയ്ക്ക് നല്‍കാനുള്ളത് 228 കോടി രൂപ. ആംനസ്റ്റി പദ്ധതി വഴി 40 കോടി രൂപ പൂര്‍ണമായി പിരിച്ചെടുത്തപ്പോള്‍ 311 കോടി രൂപയുടെ കുടിശ്ശിക വാട്ടര്‍ അതോറിറ്റി എഴുതിതള്ളിയിരുന്നു.

ആരോഗ്യവകുപ്പ് 127 കോടി രൂപയിലധികമാണ് അതോറിറ്റിയ്ക്ക് കുടിശ്ശിക തീര്‍ത്ത് നല്‍കാനുള്ളത്. ഇത് സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകള്‍, ആശുപത്രി എന്നിവിടങ്ങളില്‍ ഉപയോഗിച്ച വെള്ളത്തിന്റെ തുകയാണ്. പൊതുമരാമത്ത് വകുപ്പ് 24 കോടിയും, വിദ്യാഭ്യാസവകുപ്പ് 13 കോടി രൂപയുടെ കുടിശ്ശികയുമാണ് നല്‍കാനുള്ളത്. വനം വകുപ്പ് 11 കോടിയും, മുന്‍സിപ്പാലിറ്റികള്‍ വഴി 14 കോടി 35 ലക്ഷം രൂപയും നല്‍കാനുണ്ട്. പഞ്ചായത്തുകള്‍ 12 കോടി 21 ലക്ഷം. ജലസേചന വകുപ്പും വാട്ടര്‍ അതോറിറ്റിയില്‍ കുടിശ്ശിക നല്‍കാനുണ്ട്. 1,17,000 രൂപയാണ് സിവില്‍ സപ്ലൈസ് നല്‍കാനുള്ളത്.

അതേസമയം, ആംനസ്റ്റി പദ്ധതി അവതരിപ്പിച്ചതിന് ശേഷമാണ് കുടിശ്ശിക ഇനത്തില്‍ കുറവ് വന്നത്. കുടിശ്ശിക നിവാരണ പദ്ധതി കൊണ്ടുവന്നിട്ടും തദ്ദേശ വകുപ്പുകള്‍ നല്‍കാനുള്ള കുടിശ്ശിക ഉയരുകയാണ് ചെയ്തത്. കഴിഞ്ഞ വര്‍ഷം വാട്ടര്‍ അതോറിറ്റിയ്ക്ക് 2,048 കോടി രൂപ ചെലവായപ്പോള്‍ വരുമാനമായി ലഭിച്ചത് 1,519 രൂപ മാത്രമാണ്. 592 കോടി രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതും ചേര്‍ന്നാണ് വെള്ളക്കരമായി സാധാരണ ജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കാനുള്ള നടപടി.