രാജ്യസുരക്ഷയിൽ ഇന്ത്യൻ കരസേനയുടെ സംഭാവനകൾ സമാനതകളില്ലാത്തത്; പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ കരസേനയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസുരക്ഷയിൽ ഇന്ത്യൻ കരസേനയുടെ സംഭാവനകൾ സമാനതകളില്ലാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ കരുത്തുറ്റ സേനാബലം ഓരോ ഇന്ത്യക്കാരനും അഭിമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സെക്കന്തരാബാദ്-വിശാഖപട്ടണം വന്ദേ ഭാരത് എക്‌സ്പ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി കരസേനാ ദിനം, സൈന്യം ഇന്ന് ഡൽഹിയ്ക്ക് പുറത്ത് ആഘോഷിച്ചു. 1949-ൽ ബ്രിട്ടീഷ് കമാൻഡർ ജനറൽ സർ ഫ്രാൻസിസ് റോബർട്ട് റോയ് ബുച്ചറിൽ നിന്ന് ഫീൽഡ് മാർഷൽ കെ എം കരിയപ്പ ചുമതല ഏറ്റെടുത്ത ദിനമാണ് കരസേനാ ദിനമായി ആഘോഷിക്കുന്നത്. 1949 മുതൽ ഡൽഹിയിലാണ് കരസേനാ ദിനം ആഘോഷിക്കുന്നത്. എന്നാൽ ഇത്തവണ ആദ്യമായി ആഘോഷ പ്രകടനങ്ങൾ ഡൽഹിയ്ക്ക് പുറത്ത് നടന്നു. ബംഗളുരു മദ്രാസ് എഞ്ചിനീയേഴ്‌സ് ഗ്രൂപ്പിന്റെ പരേഡ് ഗ്രൗണ്ടിൽ കരസേനയുടെ വിവിധ റെജിമെന്റുകൾ അണിനിരന്ന പ്രകടനങ്ങൾ നടന്നു. അശ്വാരൂഡസേനയുൾപ്പടെ എട്ട് സേനാ വിഭാഗങ്ങൾ പരേഡിൽ പങ്കെടുത്തു.

കരസേനാ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ കരസേനാംഗങ്ങൾക്കും, വിമുക്തഭടന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആശംസകൾ നേരുകയും ചെയ്തു. എല്ലാ സൈനികർക്കും വിമുക്തഭടന്മാർക്കും അവരുടെ കുടുംബങ്ങൾക്കും കരസേനാ ദിനത്തിൽ താൻ തന്റെ ആശംസകൾ അറിയിക്കുന്നു. ഓരോ ഇന്ത്യക്കാരനും നമ്മുടെ സൈന്യത്തിൽ അഭിമാനിക്കുന്നു. നമ്മുടെ സൈനികരോട് എപ്പോഴും അവർ കൃതജ്ഞതയുള്ളവരായിരിക്കും. സൈനികർ നമ്മുടെ രാജ്യത്തെ എല്ലായ്‌പ്പോഴും സുരക്ഷിതമായി സൂക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.