പത്തനംതിട്ട: കേന്ദ്ര സർക്കാരിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചാൽ അതിനെതിരെ ശക്തമായ ജനരോഷം ഉയരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഐ എം കോഴഞ്ചേരി ഏരിയ കമ്മിറ്റിയുടെ പുതിയ ഓഫീസ് മന്ദിരം ആറന്മുളയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഇത്തരത്തിൽ കഴിഞ്ഞ കുറച്ചു നാളുകളായി സംസ്ഥാനത്തെ ശ്വാസംമുട്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. രാജ്യത്ത് ബദൽ നയം നടപ്പാക്കുന്ന ഏക സംസ്ഥാനമാണ് കേരളം. ആ സംസ്ഥാനത്തെ ഏതുവിധേനയും പ്രതിസന്ധിയിലാക്കാനാണ് നിരന്തരമായി കേന്ദ്രം ശ്രമിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
സംസ്ഥാനത്തിന് അർഹമായി കിട്ടേണ്ടത് മാത്രമാണ് നാം ആവശ്യപ്പെടുന്നത്. ന്നാൽ, അത് നിഷേധിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. ഒരുതരത്തിലും കേന്ദ്രത്തിന്റെ ഈ നിലപാട് അംഗീകരിക്കാൻ കഴിയില്ല. വരും നാളുകളിൽ ഇതിനെതിരെ ശക്തമായ ജനരോഷം തെക്ക് മുതൽ വടക്ക് വരെ സംസ്ഥാനത്ത് ഉയർന്ന് വരും. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന ജാഥയും ഇതിന്റെ ഭാഗമായാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അർഹമായ തൊഴിലവസരം കേന്ദ്ര സർക്കാർ നിഷേധിക്കുന്നു, പൊതു മേഖലകൾ വിറ്റുതുലയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും മുഖ്യമന്ത്രി ഉയർത്തിക്കാട്ടി. അതിനു വിപരീതമായി അർഹരായവർക്കെല്ലാം ക്ഷേമപെൻഷനുകൾ എല്ലാ മാസവും സംസ്ഥാനത്ത് നൽകുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ ചേർത്തുപിടിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. കേന്ദ്രത്തിൽ യുപിഎസ്സി നടത്തിയ നിയമനങ്ങളേക്കാൾ അധികം നിയമനങ്ങൾ കേരളത്തിൽ പിഎസ്സി മുഖേന നടപ്പാക്കിയിട്ടുണ്ട്. പാവപ്പെട്ടവർക്ക് വേണ്ടി നയങ്ങൾ നടപ്പാക്കുന്ന കേരള സർക്കാരിനെ തകർക്കാനും പ്രതിസന്ധിയിലാക്കാനുമാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

