ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യ

കൊല്‍ക്കത്ത: ശ്രീലങ്കയെ വരിഞ്ഞുമുറുക്കി ഇന്ത്യ. ഈഡന്‍ ഗാര്‍ഡനില്‍ പുരോഗമിക്കുന്ന രണ്ടാം ഏകദിനത്തില്‍ 215 റണ്‍സിനാണ് ലങ്ക പുറത്തായത്. മൂന്നു മുന്‍നിര ലങ്കന്‍ ബാറ്റര്‍മാരെ പുറത്താക്കി കുല്‍ദീപാണ് മത്സരം ഇന്ത്യയുടെ വരുതിയിലാക്കിയത്. അര്‍ധസെഞ്ച്വറി നേടിയ നുവാനിദു ഫെര്‍നാന്‍ഡോ(50) മാത്രമാണ് ലങ്കന്‍ സംഘത്തില്‍ പൊരുതിനോക്കിയത്.

നേരത്തെ, ടോസ് നേടി ലങ്കന്‍ നായകന്‍ ദാസുന്‍ ഷനക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു തുടക്കം. ഒരുവശത്ത് ആവിഷ്‌ക ഫെര്‍നാന്‍ഡോ ആക്രമിച്ചു കളിച്ചപ്പോള്‍ കരുതലോടെയായിരുന്നു നുവാനിദുവിന്റെ തുടക്കം. ഇരുവരും ചേര്‍ന്ന് ലങ്കയെ മികച്ച സ്‌കോറിലേക്ക് നയിക്കുമെന്ന് തോന്നിച്ച ഘട്ടത്തില്‍ മുഹമ്മദ് സിറാജാണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ത്രൂ സമ്മാനിച്ചത്. 17 പന്തില്‍ നാല് ബൗണ്ടറിയടിച്ച് 20 റണ്‍സുമായി നിന്ന ആവിഷ്‌ക്കയെ ഞെട്ടിച്ച് സിറാജിന്റെ മനോഹരമായൊരു വൊബിള്‍ സീം ഡെലിവറി. കുറ്റിയും പിഴുതാണ് പന്ത് കടന്നുപോയത്. രണ്ടാം വിക്കറ്റില്‍ കുശാല്‍ മെന്‍ഡിസുമായി കൂട്ടുചേര്‍ന്ന് നുവാനിദു ലങ്കന്‍ ഇന്നിങ്സ് പടുത്തുയര്‍ത്തി. ആക്രമണമൂഡിലായിരുന്നു മെന്‍ഡിസ്. സിക്സറും ബൗണ്ടറികളുമായി അടിച്ചുതകര്‍ത്ത് അര്‍ധസെഞ്ച്വറിയിലേക്കുള്ള മെന്‍ഡിസിന്റെ കുതിപ്പ് പക്ഷെ കുല്‍ദീപ് തകര്‍ത്തു. വിക്കറ്റിനു മുന്നില്‍ കുരുങ്ങി മടങ്ങുമ്‌ബോള്‍ ഒരു സിക്സും മൂന്നു ഫോറും സഹിതം 34 റണ്‍സായിരുന്നു മെന്‍ഡിസിന്റെ സമ്ബാദ്യം.

നാലാമനായി ഇറങ്ങിയ ധനഞ്ജയ ഡി സില്‍വ നേരിട്ട ആദ്യ പന്തില്‍ തന്നെ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. അക്സര്‍ പട്ടേലിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം പുറത്തായത്. ചാരിത് അസലങ്കയെ(15) പുറത്താക്കി കുല്‍ദീപ് വീണ്ടും മത്സരം ഇന്ത്യന്‍ കൈയിലെത്തിച്ചു. ഇതിനിടെ അര്‍ധസെഞ്ച്വറി പിന്നിട്ട നുവാനിദു ഫെര്‍നാന്‍ഡോ റണ്‍ഔട്ടില്‍ പുറത്താകുകയും ചെയ്തു. 63 പന്ത് നേരിട്ട് ആറ് ബൗണ്ടറി സഹിതമാണ് താരം 50 റണ്‍സ് അടിച്ചത്. ആറാമനായി ഇറങ്ങിയ നായകന്‍ ഷനകയ്ക്ക് ഇത്തവണ അത്ഭുതങ്ങളൊന്നും ചെയ്യാനായില്ല. ആദ്യ മത്സരത്തില്‍ അവിസ്മരണീയമായ സെഞ്ച്വറി ഇന്നിങ്സിലൂടെ വിസ്മയിപ്പിച്ച ഷനക(രണ്ട്) കുല്‍ദീപിന്റെ പന്തില്‍ ക്ലീന്‍ബൗള്‍ഡായാണ് പുറത്തായത്. എന്നാല്‍, തുടര്‍ന്ന് ലങ്കന്‍ വാലറ്റത്തിന്റെ കൗണ്ടര്‍ അറ്റാക്കാണ് കണ്ടത്. വനിന്ദു ഹസരങ്ക 17 പന്തില്‍ ഒരു സിക്സും മൂന്ന് ഫോറും സഹിതം 21 റണ്‍സെടുത്തു പുറത്തായി. ഉമ്രാന്‍ മാലികാണ് താരത്തെ അക്സര്‍ പട്ടേലിന്റെ കൈയിലെത്തിച്ച് മടക്കിയയച്ചത്. പിന്നാലെ വമ്ബനടികളുമായി കളംനിറഞ്ഞു ചാമിക കരുണരത്നെയും ദുനിത് വെല്ലലാഗെയെയും. 17 റണ്‍സെടുത്ത ചാമികയെ ഉമ്രാന്‍ മാലിക് വീണ്ടും അക്സറിന്റെ കൈയിലെത്തിച്ചു. പിന്നാലെ വെല്ലലാഗെയെ മുഹമ്മദ് സിറാജും പുറത്താക്കി. ഒരു സിക്സും മൂന്ന് ഫോറുമടക്കം 32 റണ്‍സെടുത്താണ് താരം ഇന്ത്യയ്ക്ക് ഭീഷണിയുയര്‍ത്തിയത്. 17 റണ്‍സുമായി കസുന്‍ രജിത പുറത്താകാതെ നിന്നു.