‘മനുഷ്യ നന്മയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കുന്ന ആള്‍, മാറ്റി നിര്‍ത്താനാവില്ല’; പഴയിടത്തെ സന്ദര്‍ശിച്ച് മന്ത്രി വാസവന്‍

കോട്ടയം: സിപിഎമ്മിന്റെ ഭവന സന്ദര്‍ശനത്തിന്റെ ഭാഗമായി പഴയിടം മോഹനന്‍ നമ്പൂതിരിയുടെ വീട് സന്ദര്‍ശിച്ച് മന്ത്രി വി.എന്‍ വാസവന്‍. സ്‌കൂള്‍ കലോത്സവത്തിലെ നോണ്‍വെജ് വിവാദങ്ങളില്‍ പഴയിടത്തിന് പിന്തുണയറിയിച്ച മന്ത്രി, സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും അറിയിച്ചു.

‘മനുഷ്യ നന്മയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കുന്ന ആളാണ് പഴയിടം. മഹാമാരിയുടെ കാലത്ത് സന്മനസ്സ് കാണിച്ച തിരുമേനിയെ ഞങ്ങള്‍ക്ക് മാറ്റിനിര്‍ത്താനോ മറക്കാനോ എങ്ങനെ കഴിയും? ഏതെങ്കിലും തരത്തില്‍ മറന്നാല്‍ വലിയ തരത്തിലുള്ള അനീതിയാകും അത്. തിരുമേനിയോടുള്ള ആത്മബന്ധം അത് മാത്രമല്ല. നിരവധി സന്ദര്‍ഭങ്ങളില്‍ അദ്ദേഹം ഞങ്ങളുടെ അഭ്യര്‍ത്ഥന അനുസരിച്ച് പലര്‍ക്കായി സഹായം ചെയ്തിട്ടുണ്ട്. പാവപ്പെട്ടവരുടെ വിവാഹത്തിന് ഭക്ഷണം നല്‍കിയിട്ടുണ്ട്. നന്മ നിറഞ്ഞ മനസ്സാണ് അദ്ദേഹത്തിന്റേത്. ആ മനസ്സ് സൗഹൃദം കൂട്ടിയുറപ്പിക്കാനിടയാക്കിയിട്ടുണ്ട്. അദ്ദേഹത്തിന് ഏതെങ്കിലും വിധത്തില്‍ വേദനയോ വിഷമമോ ഉണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഞാനും പങ്കുചേരുന്നു. ഇക്കാര്യം അറിയിച്ച് ആ സമയത്ത് തന്നെ അദ്ദേഹത്തെ വിളിച്ചിരുന്നു. അദ്ദേഹം ചെയ്ത സേവനത്തെ കുറിച്ച് വിദ്യാഭ്യാസ മന്ത്രി തന്നെ ആധികാരികമായി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം നന്മനിറഞ്ഞ മനസ്സുള്ള തിരുമേനിയാണ്’- വാസവന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, മന്ത്രിയുടെ വരവറിഞ്ഞ് പഴയിടം അദ്ദേഹത്തിന് വീട്ടില്‍ ഭക്ഷണം ഒരുക്കിയിരുന്നെങ്കിലും മറ്റൊരിടത്ത് നിന്ന് കഴിച്ചതായി മന്ത്രി അറിയിച്ചു. പഴയിടത്തിന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാനായിരുന്നു പദ്ധതി. പക്ഷേ ഓരോ വീടുകള്‍ കയറി ഇറങ്ങിയപ്പോള്‍ മറ്റൊരിടത്ത് നിന്ന് കഴിക്കേണ്ടി വന്നതായും മന്ത്രി അദ്ദേഹത്തെ അറിയിച്ചു. വിവാദങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയതായും പഴയിടം വ്യക്തമാക്കി.