തിരുവനന്തപുരം: പാർട്ടി നേതൃത്വത്തിനെതിരെ കെപിസിസി ഭാരവാഹി യോഗത്തിൽ വിമർശനം. ശശി തരൂരുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്നതിൽ പാർട്ടി നേതൃത്വത്തിന് പിഴവു പറ്റിയെന്നാണ് ഭാരവാഹി യോഗത്തിൽ ഉയർന്ന വിമർശനം. കോഴിക്കോട്ടെ പരിപാടി വിലക്കിയത് അനാവശ്യ വിവാദം ഉണ്ടാക്കിയെന്നും തരൂരിന് അമിത പ്രാധാന്യം നൽകി വിഷയം വഷളാക്കിയെന്നും യോഗം വിലയിരുത്തി. തരൂരിനെ വിലക്കിയ നടപടി ശരിയായില്ലെന്ന അഭിപ്രായവും ഭാരവാഹി യോഗത്തിൽ ഉയർന്നു.
ശശി തരൂരിനെ വിലക്കാൻ പാടില്ലായിരുന്നുവെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ഇനി മത്സരിക്കാനില്ലെന്ന ചില എംപിമാരുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ല. ടി.എൻ.പ്രതാപൻ എംപിയുടെ പേരെടുത്തു പറഞ്ഞും ഭാരവാഹി യോഗത്തിൽ വിമർശനം നടന്നു. കേരളത്തിലേക്ക് മടക്കം പ്രഖ്യാപിച്ച എം പി മാർക്കെതിരെയും വലിയ വിമർശനം നടന്നു. സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചവരെ താക്കീത് ചെയ്യണമെന്ന ആവശ്യവും യോഗം മുന്നോട്ടു വെച്ചു.
അതേസമയം, എം പി മാർക്കെതിരായ തുടർ നടപടി എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്യും. ഇതിന് ശേഷമായിരിക്കും വിഷയത്തിൽ കെപിസിസി അന്തിമ തീരുമാനമെടുക്കുക.

